രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെതിരെ ഒരു റൺസിന്റെ ലീഡെടുത്ത് കേരളം. ഒറ്റയാൾ പോരാട്ടവുമായി കളം നിറഞ്ഞ സല്‍മാന്‍ നിസാറിന്റെ മികവിലാണ് കേരളം ലീഡെടുത്തത്. നാല് സിക്സറുകളും 17 ഫോറുകളുമായി താരം 112 റൺസ് നേടി പുറത്താകാതെ നിന്നു. ജമ്മു കാശ്മീരിന്റെ 280 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറിന് കേരളം 281 റൺസിന്റെ മറുപടിയാണ് നൽകിയത്.
കേരളത്തിന് തുടക്കത്തിലെ രോഹന്‍ കുന്നുമ്മല്‍(1), ഷോണ്‍ റോജര്‍ (0), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(2) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. അക്വിബ് നബിയുടെ മിന്നും ബൗളിങ്ങാണ് കേരളത്തിന്റെ തുടക്കം തകർത്തത്. 11-3 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ചയിലായ കേരളത്തെ പിന്നാലെ ജലജ് സക്സേന (67) അക്ഷയ് ചന്ദ്രന്‍ (29) സഖ്യം കൂട്ടിചേര്‍ത്ത 94 റണ്‍സാണ് രക്ഷിച്ചത്.
ശേഷം ബ്രേക്ക് ത്രൂവുമായി വീണ്ടും അക്വിബ് എത്തിയതോടെ വീണ്ടും ഏഴിന് 137 എന്ന നിലയിലലേക്ക് കേരളം തകർന്നുവീണു. ഇവിടെ നിന്നാണ് വാലറ്റത്തെ കൂട്ടുപിടിച്ച് സൽമാൻ നിസാർ രക്ഷയ്ക്കെത്തിയത്. നേരത്തെ എംഡി നിധീഷിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ജമ്മു കാശ്മീരിനെ 280 ലൊതുക്കിയത്.
Content Highlights: Salman Nizar again superman of Kerala in ranjitrophy again