![search icon](https://www.reporterlive.com/assets/images/icons/search.png)
ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഏകദിന മത്സരത്തിനിടെ അതിരുവിട്ട പ്രകടനവുമായി പാകിസ്താന്‍ താരങ്ങള്‍. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റൻ ടെംബ ബാവുമയുടെ വിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് പാക്കിസ്ഥാന്‍ താരങ്ങളായ കമ്രാന്‍ ഗുലാമും സൗദ് ഷക്കീലും അതിരുവിട്ട ആഹ്ലാദപ്രകടനം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മത്സരത്തിന്റെ 29-ാം ഓവറിലായിരുന്നു ബാവുമ റണ്ണൗട്ടായത്. മുഹമ്മദ് ഹസ്‌നിയാന്റെ ഗുഡ് ലെങ്ത് പന്ത് നേരിട്ട ബാവുമ ക്വിക്ക് സിംഗിളിനായി ശ്രമിക്കുകയായിരുന്നു. എന്നാല്‍ നോണ്‍ സ്‌ട്രൈക്കറായിരുന്ന മാത്യു ബ്രീറ്റ്‌സ്‌കെയുമായി ഉണ്ടായ ആശയക്കുഴപ്പം ബാവുമയുടെ റണ്‍ഔട്ടിലാണ് കലാശിച്ചത്. ഡയറക്ട് ത്രോയിലൂടെ സൗദ് ഷക്കീലാണ് ബാവുമയെ പുറത്താക്കിയത്.
96 പന്തില്‍ 13 ബൗണ്ടറികൾ സഹിതം 82 റണ്‍സ് നേടിയാണ് ബാവുമ പുറത്തായത്. അപ്രതീക്ഷിതമായി ലഭിച്ച വിക്കറ്റ് പാക് താരങ്ങൾ അതിരുവിട്ട് ആഘോഷിക്കുകയും ചെയ്തു. പിച്ചിലേക്ക് ഓടിയെത്തിയ കമ്രാന്‍ ഗുലാമും സൗദ് ഷക്കീലും ബാവുമയുടെ മുന്നില്‍ നിന്ന് വലിയ ശബ്ദത്തില്‍ ആഹ്ലാദപ്രകടനം നടത്തി. ഡ്രസിങ് റൂമിലേക്കു മടങ്ങുകയായിരുന്ന ബാവുമയുടെ മുന്നിലേക്ക് ചാടിവീണായിരുന്നു പാക് താരങ്ങളുടെ ആഘോഷം. ഒടുവില്‍ പാക് താരം സൽമാൻ അലി ആഘ എത്തി ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.
This kind of behaviour and that too against THE TEMBA BAVUMA?
— TukTuk Academy (@TukTuk_Academy) February 12, 2025
What kind of shameless you guys are PCT?
pic.twitter.com/7RvsBRobCQ
പാക് താരങ്ങളുടെ ആഘോഷം അതിരുവിട്ടപ്പോള്‍ ബാവുമ ഇതെല്ലാം നോക്കി അല്‍പ്പനേരം പിച്ചില്‍ തന്നെ നിന്നതിനുശേഷമാണ് ഗ്രൗണ്ടിൽ നിന്ന് മടങ്ങിയത്. സംഭവത്തിൽ പാക്ക് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‍വാന് അംപയർമാർ താക്കീത് നൽകുകയും ചെയ്തിരുന്നു. അതേസമയം സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പാക് താരങ്ങളുടെ മോശം പ്രവർത്തിയിൽ വിമർശനങ്ങൾ ഉയരുന്നുമുണ്ട്. പാക് താരങ്ങൾ ചെയ്തത് അൽപ്പം കടന്ന കൈയ്യായി പോയെന്നും സോഷ്യൽ മീഡിയയിലൂടെ ആരാധകർ കുറ്റപ്പെടുത്തി.
ത്രില്ലർ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് തോൽപ്പിച്ച പാകിസ്താൻ ത്രിരാഷ്ട്ര കപ്പ് ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയുടെ 352 റൺസ് എന്ന കൂറ്റൻ വിജയ ലക്ഷ്യം പാകിസ്താൻ ഒരു ഓവർ ബാക്കി നിൽക്കെ മറികടന്നു. സൽമാൻ അലി ആഘ, മുഹമ്മദ് റിസ്‌വാൻ എന്നിവരുടെ സെഞ്ച്വറികളാണ് കൂറ്റൻ വിജയ ലക്ഷ്യം മറികടക്കാൻ പാകിസ്താനെ സഹായിച്ചത്. സൽമാൻ അലി ആഘ 134 റൺസും മുഹമ്മദ് റിസ്‌വാൻ 121 റൺസും നേടി. ഫഖർ സമാൻ 41 റൺസ് നേടി.
Content Highlights: Pakistan fielders celebrate wildly in front of Temba Bavuma after his dismissal, Video