കോഹ്‌ലിയല്ല, ക്യാപ്റ്റന്‍ രജത് പാട്ടിദാർ; പുതിയ നായകനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ്‌ ബെംഗളൂരു

ഐപിഎല്‍ ചരിത്രത്തില്‍ ഫ്രാഞ്ചൈസിയുടെ എട്ടാമത്തെ ക്യാപ്റ്റനാണ് രജത്

dot image

ഒടുവില്‍ കാത്തിരുന്ന നിമിഷമെത്തി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുകയാണ്. യുവതാരം രജത് പാട്ടിദാറാണ് ഐപിഎല്‍ 2025ല്‍ ആര്‍സിബിയെ നയിക്കുന്നത്. 2021 മുതല്‍ ആര്‍സിബിയുടെ ഭാഗമായ പാട്ടിദാര്‍ ഐപിഎല്‍ ചരിത്രത്തില്‍ ഫ്രാഞ്ചൈസിയുടെ എട്ടാമത്തെ ക്യാപ്റ്റനാകും.

ഇന്ന് രാവിലെ 11.30ന് ചേര്‍ന്ന ആര്‍സിബി മാനേജ്‌മെന്റ് യോഗത്തിലാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. ആര്‍സിബിയുടെ മുന്‍ ക്യാപ്റ്റനായിരുന്ന സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി ഐപിഎല്‍ 2025 സീസണില്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു. സീനിയര്‍ താരം ക്രുനാല്‍ പാണ്ഡ്യയെയും ആര്‍സിബി നായക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ രജത് പാട്ടിദാറിനെ തിരഞ്ഞെടുക്കുകയായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിന്റെ ക്യാപ്റ്റനാണ് 31കാരനായ രജത്. ആഭ്യന്തര ടി20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ ഫൈനലിലെത്തിക്കാനും രജത് പാട്ടിദാറിന് കഴിഞ്ഞിരുന്നു.

ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് 11 കോടി മുടക്കിയാണ് ആര്‍സിബി രജത്തിനെ ടീമില്‍ നിലനിര്‍ത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ആര്‍സിബി ക്യാപ്റ്റനാവുമോ എന്ന ചോദ്യത്തിന് ഉത്തരവാദിത്തം ഏല്‍പ്പിച്ചാല്‍ സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് രജത് പ്രതികരിച്ചിരുന്നു.

Content Highlights: RCB announce Rajat Patidar as new Captain for IPL 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us