
അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ തെണ്ടുൽക്കർ നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ആവേശമായിരുന്ന സച്ചിൻ തെണ്ടുൽക്കർ, യുവരാജ് സിങ്, സുരേഷ് റെയ്ന എന്നിവർ വീണ്ടും കളത്തിലേക്ക് തിരിച്ചെത്തുന്നുവെന്നതാണ് ടൂർണമെന്റിന്റെ പ്രത്യേകത. ഫെബ്രുവരി 22 മുതൽ മാർച്ച് 16 വരെയാണ് അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗിന്റെ ഒന്നാം പതിപ്പ് നടക്കുക.
ആറ് ടീമുകളാണ് ടൂർണമെന്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ട്വന്റി 20 ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ ശ്രീലങ്ക, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് ടീമുകളും പങ്കെടുക്കും. കുമാർ സംഗക്കാരയാണ് ലങ്കൻ ടീമിന്റെ നായകൻ. ഓസ്ട്രേലിയയെ ഷെയ്ൻ വാട്സണും ദക്ഷിണാഫ്രിക്കയെ മാരിയോ സോളമൻസും എന്നിവർ നയിക്കും. വെസ്റ്റ് ഇൻഡീസ് നായകനായി ബ്രയാൻ ലാറ വീണ്ടുമെത്തും. ഒയിൻ മോർഗനാണ് ഇംഗ്ലണ്ട് നായകൻ. മത്സരങ്ങൾ തത്സമയം ജിയോഹോട്ട്സ്റ്റാറിൽ കാണാം.
അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗിനുള്ള ഇന്ത്യൻ ടീം: സച്ചിൻ തെണ്ടുൽക്കർ (ക്യാപ്റ്റൻ), യുവരാജ് സിങ്, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, യുസഫ് പഠാൻ, ഇർഫാൻ പഠാൻ, സ്റ്റുവർട്ട് ബിന്നി, ധവാൽ കുൽക്കർണി, ആർ വിനയ് കുമാർ, ഷബാസ് നദീം, രാഹുൽ ശർമ, പ്രഗ്യാൻ ഓജ, പവൻ നെഗി, ഗുർക്രീത് മൻ, അഭിമന്യു മിഥുൻ.
Content Highlights: India Squad For International Masters League 2025