
രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഫൈനൽ ലക്ഷ്യമിട്ട് കേരളം നാളെ ഇറങ്ങുകയാണ്. സെമി ഫൈനലിൽ ഗുജറാത്താണ് കേരളത്തിന്റെ എതിരാളികൾ. ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെതിരെ നിർണായക സമനില നേടി ആദ്യ ഇന്നിങ്സിലെ ഒരു റൺസ് ലീഡിന്റെ കരുത്തിലാണ് കേരളം സെമിയിലേക്ക് മാർച്ച് ചെയ്തത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാവിലെ ഒൻപതരയ്ക്കാണ് മത്സരം തുടങ്ങുക. ജിയോ ഹോട്സ്റ്റാറില്‍ മത്സരം തത്സമയം കാണാനാകും. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിന്റുള്ള ടീം എന്ന നിലയിലാണ് സ്വന്തം മണ്ണിൽ കളിക്കാൻ ഗുജറാത്തിന് അവസരമൊരുക്കിയത്. 2017ന് ശേഷം ആദ്യ ഫൈനലാണ് ഗുജറാത്ത് ലക്ഷ്യമിടുന്നത്.
അതേ സമയം 2019ൽ കേരളം ആദ്യമായി രഞ്ജി ട്രോഫി സെമിയിൽ എത്തിയത് ഗുജറാത്തിനെ തോൽപിച്ചായിരുന്നു. അതേ മികവ് തുടർന്ന് ഗുജറാത്തിനെ തോൽപ്പിച്ചാൽ അതൊരു ചരിത്രം കൂടിയാവും. അന്നത്തെ ആറ് താരങ്ങൾ ഇപ്പോഴും ടീമിലുണ്ട്. അന്ന് ആദ്യ ഇന്നിങ്സിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 185 റൺസായിരുന്നു നേടിയിരുന്നത്. ഇതിന് മറുപടിയായി 162 റൺസായിരുന്നു ഗുജറാത്ത് സ്കോർ ചെയ്തത്. സഞ്ജു സാംസൺ പരിക്കേറ്റ് പുറത്തായ ആദ്യ ഇന്നിങ്സിൽ ബേസിൽ തമ്പി 37 റൺസും പൊന്നൻ രാഹുൽ 26 റൺസും വിനൂപ് മനോഹരൻ 25 റൺസും നേടി. ബൗളിങ്ങിൽ സന്ദീപ് വാര്യർ നാല് വിക്കറ്റും ബേസിൽ തമ്പി , എംഡി നിധീഷ് എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.
രണ്ടാം ഇന്നിങ്സിൽ 14 റൺസിന്റെ ലീഡുമായി ഇറങ്ങിയ കേരളം 172 റൺസ് കൂടി ചേർത്തു. സിജോമോൻ ജോസഫ് 56 റൺസുമായി തിളങ്ങിയപ്പോൾ ജലജ് സക്‌സേന 44 റൺസ് നേടി. സന്ദീപ് വാര്യർ നാല് വിക്കറ്റും ബാസിൽ തമ്പി അഞ്ചുവിക്കറ്റും നേടിയ രണ്ടാം ഇന്നിങ്സിൽ കേരളം 81 റൺസിൽ ഓൾ ഔട്ടാക്കി. ഇതോടെ 113 റൺസിന്റെ വിജയം കേരളം സ്വന്തമാക്കി സെമിയിലേക്ക് പ്രവേശിച്ചു. എന്നാൽ സെമിയിൽ വിദർഭയോട് ഇന്നിങ്സിനും 11 റൺസിനും തോൽവിയേറ്റ് മടങ്ങേണ്ടിവന്നു.
Content Highlights: Kerala vs Gujarat quarter final memory in 2019