'കൈയ്യിൽ പണമില്ല, മാഗി മാത്രം കഴിച്ച് കളിച്ച് നടന്ന പയ്യന്മാർ!'; പാണ്ഡ്യ ബ്രദേഴ്സിന്റെ കഥ പറഞ്ഞ് നിത അംബാനി

'ക്രിക്കറ്റില്‍ എന്തെങ്കിലുമൊക്കെ ആകണമെന്ന ആഗ്രഹവും അഭിനിവേശവും ഞാന്‍ അവരില്‍ കണ്ടു'

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യയെയും സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയെയും കണ്ടെത്തിയ കഥ പറഞ്ഞ് ടീം ഉടമ നിത അംബാനി. ബോസ്റ്റണില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് 'പാണ്ഡ്യ സഹോദരന്മാര്‍' എന്നറിയപ്പെടുന്ന ഹാര്‍ദിക്കിനെയും ക്രുണാലിനെയും മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയതിന് പിന്നിലെ കഥ നിത അംബാനി അനുസ്മരിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ നിന്നാണ് ഇരുതാരങ്ങളെയും കണ്ടെത്തിയതെന്ന് പറഞ്ഞ നിത അംബാനി മുംബൈ ക്യാംപില്‍ താരങ്ങളോട് സംസാരിച്ചതും പണമില്ലാത്തതിനാല്‍ മൂന്ന് വര്‍ഷത്തോളം മാഗി നൂഡില്‍സ് മാത്രമാണ് ഇരുവരും കഴിച്ചിരുന്നതെന്ന് അവര്‍ അന്ന് പറഞ്ഞ കാര്യവും ഓർമിച്ചു.

'ഐപിഎല്ലില്‍ എല്ലാ ടീമുകള്‍ക്കുമായി ഒരു നിശ്ചിത ബജറ്റ് ഉണ്ട്. അതിനാല്‍ ഓരോ ടീമിനും ഇത്ര തുക ചെലവഴിക്കാന്‍ കഴിയും. അതിനാല്‍ പ്രതിഭകളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പുതിയ വഴികളെക്കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ടി വന്നു. അതിന് വേണ്ടി എല്ലാ രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കും ഞാനടക്കമുള്ള മുംബൈ ഇന്ത്യന്‍സിന്റെ ടീം പോകാറുണ്ടായിരുന്നു. ഒരു ദിവസം ഞങ്ങളുടെ സ്‌കൗട്ടുകള്‍ രണ്ട് ചെറുപ്പക്കാരായ മെലിഞ്ഞ ആണ്‍കുട്ടികളെ കണ്ടെത്തി'

'മുംബൈ ഇന്ത്യന്‍സിന്റെ ക്യാംപിലെത്തിയ അവരോട് ഞാന്‍ സംസാരിച്ചിരുന്നു. പണമില്ലാത്തതിനാല്‍ മൂന്ന് വര്‍ഷമായി മാഗി നൂഡില്‍സ് അല്ലാതെ മറ്റൊന്നും അവര്‍ കഴിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ക്രിക്കറ്റില്‍ എന്തെങ്കിലുമൊക്കെ ആകണമെന്ന ആഗ്രഹവും അഭിനിവേശവും ഞാന്‍ അവരില്‍ കണ്ടു. ആ രണ്ട് സഹോദരന്മാര്‍ ഹാര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയുമായിരുന്നു. 2015 ഐപിഎല്ലിലെ താരലേലത്തില്‍ ഞാന്‍ ഹാര്‍ദിക് പാണ്ഡ്യയെ 10,000 യുഎസ് ഡോളറിന് വാങ്ങി. ഇന്ന് അദ്ദേഹം മുംബൈ ഇന്ത്യന്‍സിന്റെ അഭിമാനമായ ക്യാപ്റ്റനാണ്', നിത അംബാനി കൂട്ടിച്ചർത്തു.

അതേസമയം ഐപിഎല്‍ 2025 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരം ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടാണ്. മാര്‍ച്ച് 23 ന് ചെന്നൈയില്‍ വെച്ചാണ് ഐപിഎല്ലിലെ എല്‍ ക്ലാസികോ എന്നറിയപ്പെടുന്ന ചെന്നൈ-മുംബൈ ആവേശപ്പോരാട്ടം. ഈ സീസണിലും ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് മുംബൈയെ നയിക്കുക. എങ്കിലും ഈ സീസണിലെ ആദ്യ മത്സരം കഴിഞ്ഞ സീസണിലെ ഓവർ റേറ്റിനെത്തുടർന്നുണ്ടായ സസ്പെൻഷൻ കാരണം ഹാര്‍ദിക്കിന് പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: No money, Pandya brothers said they had Maggi for 3 years: Nita Ambani on MI find

dot image
To advertise here,contact us
dot image