ക്യാപിറ്റല്‍സിനെ എറിഞ്ഞിട്ട് നേരെ റെക്കോർഡിലേക്ക്; വനിതാ പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിച്ച് RCB

വഡോദര സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകള്‍ 19.3 ഓവറിലാണ് 141 റണ്‍സിന് ഓള്‍ഔട്ടായത്

dot image

വനിതാ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ റെക്കോർഡ് സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. വഡോദര അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 141 റണ്‍സിന് ആര്‍സിബി വനിതകള്‍ ഓള്‍ഔട്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് റോയല്‍ ചലഞ്ചേഴ്സ് ചരിത്രനേട്ടത്തില്‍ ഒന്നാമതെത്തിയത്.

ഡബ്ല്യുപിഎല്ലില്‍ എതിരാളികളെ ഏറ്റവുമധികം തവണ ഓള്‍ ഔട്ടാക്കിയ ടീം എന്ന നേട്ടമാണ് റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്. ലീഗില്‍ നാല് തവണയാണ് ആര്‍സിബി വനിതകള്‍ എതിരാളികളെ ഓള്‍ഔട്ടാക്കിയത്. ഇതോടെ എതിരാളികളെ മൂന്ന് തവണ ഓള്‍ഔട്ടാക്കിയ മുംബൈ ഇന്ത്യന്‍സ്, യുപി വാരിയേഴ്സ് എന്നിവരെ മറികടന്നുകൊണ്ടാണ് ആര്‍സിബി ഒന്നാമതെത്തിയത്.

വഡോദര സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകള്‍ 19.3 ഓവറിലാണ് 141 റണ്‍സിന് ഓള്‍ഔട്ടായത്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ രേണുക സിങ്ങും ജോര്‍ജിയ വെര്‍ഹാമുമാണ് ക്യാപിറ്റല്‍സിന്റെ നട്ടെല്ലൊടിച്ചത്. 22 പന്തില്‍ 34 റണ്‍സ് നേടിയ ജെമീമ റോഡ്രിഗസാണ് ക്യാപിറ്റല്‍സിന്റെ ടോപ് സ്‌കോറര്‍. 19 പന്തില്‍ 23 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ സാറ ബ്രൈസും സ്‌കോര്‍ ബോര്‍ഡിലേക്ക് തന്റേതായ സംഭാവന നല്‍കി. മലയാളി താരം മിന്നുമണി നാല് പന്തില്‍ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.

അതേസമയം മത്സരത്തില്‍ ആര്‍സിബി വനിതകള്‍ വിജയം സ്വന്തമാക്കുകയും ചെയ്തു. ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് വിക്കറ്റിനാണ് ആര്‍സിബി തകര്‍ത്തത്. 142 റണ്‍സ് എന്ന വിജയലക്ഷ്യം വെറും 16.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി മറികടന്നു. ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ അര്‍ധ സെഞ്ച്വറിയാണ് ആര്‍സിബിക്ക് ആവേശവിജയം സമ്മാനിച്ചത്. സീസണില്‍ ബെംഗളൂരു വനിതകളുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.

Content Highlights: Royal Challengers Bengaluru Bowling Attack Become The First To Achieve This WPL Record

dot image
To advertise here,contact us
dot image