
ചാംപ്യൻസ് ട്രോഫി 2025 നാളെ ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരത്തിൽ ന്യൂസിലാൻഡും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഇന്ത്യയുടെ ആദ്യ മത്സരം മറ്റന്നാൾ ബംഗ്ലാദേശിനെതിരെയാണ്. എന്നാൽ മത്സരം തുടങ്ങുന്നതിന് മുമ്പേ ബൗളിങ് കോച്ച് മോര്‍ണി മോര്‍ക്കല്‍ ടീം ക്യാംപ് വിട്ട് നാട്ടിലേക്ക് മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. കുടുംബവുമായി ബന്ധപ്പെട്ട അടിയന്തിര ആവശ്യത്തിനായാണ് മോര്‍ക്കല്‍ ടീം ക്യാംപ് വിട്ടതെന്നാണ് റിപ്പോര്‍ട്ട്. മോര്‍ക്കല്‍ തിരിച്ച് ടീം ക്യാംപില്‍ എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
ഇന്നലെ നടന്ന ഇന്ത്യയുടെ പരിശീലന സെഷനില്‍ മോര്‍ക്കല്‍ പങ്കെടുത്തിരുന്നില്ല. ബുംമ്രയ്ക്ക് പരിക്കേറ്റ് പുറത്തായത് ഇന്ത്യയുടെ ബൗളിങ് യൂണിറ്റിന്റെ ശക്തി കുറച്ചിട്ടുണ്ട്. വെറ്ററൻ പേസർ മുഹമ്മദ് ഷമി ദീർഘ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് രംഗത്തെത്തുന്നത്. അരങ്ങേറ്റക്കാരായ ഹർഷിത് റാണയും അർഷ്ദീപ് സിങ്ങും ആണ് ഇത്തവണ അണിനിരക്കുന്നത്. അതുകൊണ്ട് തന്നെ മോർണി മോർക്കൽ ഇല്ലാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും.
പരിശീലന സെഷനില്‍ ഹാർദ്ദിക് പാണ്ഡ്യയുടെ ഷോട്ട് കൊണ്ട് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പരിക്കേറ്റതും ഇന്ത്യക്ക് ആശങ്കയായി. 2022ല്‍ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാല്‍മുട്ടിലാണ് റിഷഭ് പന്തിന് പന്തുകൊണ്ട് പരിക്കേറ്റത്. വേദന കാരണം ഗ്രൗണ്ട് വിട്ട താരം പിന്നീടുള്ള സെഷനിൽ കളത്തിലിറങ്ങിയെങ്കിലും കാലിലെ പരിക്കിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടായിരുന്നു.
Content Highlights: India set back in Champions Trophy; Bowling coach Morne Morkel returned home