
ആഴ്ചകൾക്ക് മുമ്പ് പാകിസ്താൻ വേദിയായ ത്രിരാഷ്ട്ര പരമ്പരയ്ക്ക് സമാനതുടക്കമാണ് ഐസിസി ചാംപ്യൻസ് ട്രോഫിക്കും ലഭിച്ചിരിക്കുന്നത്. ചാംപ്യൻസ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിൽ പാകിസ്താനെ 60 റൺസിന് തോൽപ്പിച്ച് ന്യൂസിലാൻഡ് വിജയം ആഘോഷിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 320 റൺസെടുത്തു. പാകിസ്താന്റെ മറുപടി 47.2 ഓവറിൽ 260 റൺസിൽ അവസാനിച്ചു.
ന്യൂസിലാൻഡിനായി ഓപണർമാരായ വിൽ യങ്ങും ഡേവോൺ കോൺവേയും ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ 40 റൺസിനിടെ രണ്ട് വിക്കറ്റ് വീഴ്ത്തി പാകിസ്താൻ തിരിച്ചുവന്നു. 10 റൺസോടെ ഡെവോൺ കോൺവേയും ഒരു റൺസുമായി കെയ്ൻ വില്യംസണും പുറത്തായി. പിന്നാലെ ഡാരൽ മിച്ചൽ 10 റൺസുമായി മടങ്ങിയപ്പോൾ ന്യൂസിലാൻഡ് സ്കോർ മൂന്നിന് 73 എന്ന നിലയിൽ തകർന്നു. എന്നാൽ യങ്ങിനൊപ്പം ടോം ലേഥം എത്തിയതോടെ സ്കോർബോർഡ് മുന്നോട്ട് നീങ്ങി.
113 പന്തിൽ 12 ഫോറും ഒരു സിക്സറും സഹിതം 107 റൺസെടുത്ത വിൽ യങ് ചാംപ്യൻസ് ട്രോഫിയിലെ ആദ്യ സെഞ്ച്വറി നേട്ടക്കാരനായി. ഏകദിന ക്രിക്കറ്റിലെ യങ്ങിന്റെ നാലാം സെഞ്ച്വറിയുമാണിത്. ടോം ലേഥവും വിൽ യങ്ങും ചേർന്ന നാലാം വിക്കറ്റിൽ 118 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ ലേഥത്തിന്റെ സെഞ്ച്വറിയും പിറന്നു. 104 പന്തിൽ 10 ഫോറും മൂന്ന് സിക്സറും സഹിതം ലേഥം 118 റൺസെടുത്തു പുറത്താകാതെ നിന്നു. അഞ്ചാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്സ് - ടോം ലേഥം സഖ്യം 125 റൺസ് കൂട്ടിച്ചേർത്തു. 39 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം 61 റൺസെടുത്താണ് ഫിലിപ്സ് പുറത്തായത്.
മറുപടി പറഞ്ഞ പാകിസ്താൻ ആദ്യ ഓവറുകളിൽ പതിഞ്ഞ താളത്തിലാണ് ബാറ്റ് ചെയ്തത്. ആദ്യ 10 ഓവറിൽ സ്കോർ ചെയ്യാനായത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് മാത്രം. 90 പന്തുകൾ നേരിട്ട ബാബർ അസം ആറ് ഫോറിന്റെയും ഒരു സിക്സറിന്റെയും സഹായത്തോടെ 64 റൺസ് നേടി. ഫഖർ സമാൻ 41 പന്തിൽ 24 റൺസിനും വേഗത കുറവായിരുന്നു.
28 പന്തിൽ ആറ് ഫോറും ഒരു സിക്സറും സഹിതം 42 റൺസെടുത്ത സൽമാൻ അലി ആഗയുടെയും 49 പന്തിൽ 10 ഫോറിന്റെയും ഒരു സിക്സറിന്റെയും സഹായത്തോടെ 69 റൺസെടുത്ത ഖുഷ്ദിൽ ഷായുടെയും പ്രകടനം പാകിസ്താനെ വിജയത്തിലേക്ക് നയിക്കാൻ പോരുന്നതല്ലായിരുന്നു. ന്യൂസിലാൻഡിനായി വിൽ ഒ റൂക്കും മിച്ചൽ സാന്റനറും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: New Zealand beat Pakistan by 60 runs to win tournament opener