
ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മുഹമ്മദ് ഷമിയുടെ മികച്ച ബൗളിങ് ഏറെക്കാലമായി ആഗ്രഹിച്ചതാണ്. അത് സംഭവിച്ചതിൽ സന്തോഷമുണ്ട്. മത്സരം ഇന്ത്യ വിജയിക്കുന്നതിൽ നിർണായക പങ്കാണ് ഷമി വഹിച്ചത്. മത്സരശേഷം രോഹിത് ശർമ പ്രതികരിച്ചു.
ശുഭ്മൻ ഗില്ലിന്റെയും കെ എൽ രാഹുലിന്റെയും പ്രകടനങ്ങളെയും ഇന്ത്യൻ ക്യാപ്റ്റൻ അഭിനന്ദിച്ചു. ഇരുവരും നന്നായി കളിച്ചു. ഏതാനും മത്സരങ്ങളായി ഗിൽ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് നടത്തിയ മികവിൽ ആരും അത്ഭുതപ്പെടുന്നില്ല. ഗില്ലിന്റെ ക്ലാസിനെക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതുമാണ്. രോഹിത് ശർമ വ്യക്തമാക്കി.
മത്സരത്തിൽ അക്സർ പട്ടേലിന്റെ ഹാട്രിക്കിന് ആവശ്യമായിരുന്ന ക്യാച്ച് വിട്ടുകളഞ്ഞതിനൊക്കുറിച്ചും രോഹിത് പ്രതികരിച്ചു. അക്സറിനെ നാളെ താൻ ഡിന്നറിന് വിളിക്കും. തീർച്ചയായും അത് വളരെ എളുപ്പമുള്ള ഒരു ക്യാച്ചായിരുന്നു. എങ്കിലും ഇത്തരം കാര്യങ്ങൾ ക്രിക്കറ്റിന്റെ ഭാഗം തന്നെയാണ്. ബംഗ്ലാദേശ് ഇന്നിംഗ്സ് മികച്ച സ്കോറിലേക്കെത്തിച്ചതിൽ തൗഹിദ് ഹൃദോയ്ക്കും ജാക്കർ അലിക്കും വലിയ പങ്കുണ്ടെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
ചാംപ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ ആറ് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.4 ഓവറിൽ 228 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ഇന്ത്യ 46.3. ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സെഞ്ച്വറി നേടിയ ശുഭ്മൻ ഗില്ലാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.
Content Highlights: Rohit Sharma reacts India's victory against Bangladesh