
രഞ്ജി ട്രോഫിയിൽ കേരള ക്രിക്കറ്റ് ടീമിന്റെ ഫൈനൽ പ്രവേശനത്തിന് കാരണമായ സച്ചിൻ ബേബിയുടെ ക്യാച്ചിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് കേരള പൊലീസ്. ആദിത്യ സർവാതെ എറിഞ്ഞ പന്തിൽ ഗുജറാത്ത് ബാറ്റർ നഗസ് വാലയുടെ ഷോട്ട് സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടിയാണ് സച്ചിൻ ബേബിയുടെ കൈകളിലെത്തിയത്. 'ഹെൽമറ്റ് ഉണ്ടെങ്കിൽ കളിയും ജീവനും രക്ഷിക്കാം, ഫീൽഡിലായാലും റോഡിലായാലും ഹെൽമറ്റ് നിർബന്ധം' എന്നായിരുന്നു ഈ ദൃശ്യങ്ങൾ പങ്കുവെച്ച് കേരള പൊലീസ് ഫേസ്ബുക്കിൽ കുറിച്ചത്. കേരള പൊലീസിന്റെ പോസ്റ്റ് ഇതിനോടകം ഒരുലക്ഷം പേർ കണ്ടുകഴിഞ്ഞു.
അതിനിടെ രഞ്ജി ട്രോഫിയുടെ ചരിത്രത്തിലാദ്യമായി കേരള ടീം ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. ഒന്നാം ഇന്നിംഗ്സിൽ രണ്ട് റൺസിന്റെ ലീഡ് സ്വന്തമാക്കിയതോടെയാണ് കേരളം രഞ്ജി ട്രോഫിയുടെ ഫൈനൽ ഉറപ്പിച്ചത്. പിന്നാലെ കേരളം രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിനിറങ്ങിയെങ്കിലും മത്സരം സമനിലയിലായി. സ്കോർ കേരളം ആദ്യ ഇന്നിംഗ്സിൽ 457, ഗുജറാത്ത് ആദ്യ ഇന്നിംഗ്സിൽ 455. കേരളം രണ്ടാം ഇന്നിംഗ്സിൽ നാലിന് 114.
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ കേരളം വിദർഭയെ നേരിടും. നിലവിലെ ചാംപ്യന്മാരായ മുംബൈയെ 80 റൺസിന് തോൽപ്പിച്ചാണ് വിദർഭ ഫൈനലിൽ കടന്നിരിക്കുന്നത്. ഫെബ്രുവരി 26നാണ് ഫൈനൽ ആരംഭിക്കുക.
Content Highlights: Kerala Police's post goes viral about Kerala's ranji final reach