'പൊരുതി നേടിയ വിജയം, ഇനി ചരിത്ര ഫൈനല്‍ കാണാം'; കേരളാ ടീമിനെ പ്രശംസിച്ച് വി ഡി സതീശന്‍

ഒന്നാം ഇന്നിങ്സ് ലീഡിന്റെ കരുത്തിലാണ് കേരളത്തിന്റെ മുന്നേറ്റം

dot image

രഞ്ജി ട്രോഫി ആവേശപ്പോരില്‍ നിര്‍ണായക ഒന്നാം ഇന്നിംങ്സില്‍ കേരളത്തിന് രണ്ട് റണ്‍സിന്റെ ലീഡ്. സെമി ഫൈനലിലെ സൂപ്പര്‍ ക്ലൈമാക്സില്‍ ഗുജറാത്തിനെതിരെ ഒന്നാമിന്നിങ്സ് നേടിയ കേരളം ഫൈനലിന് അരികെ എത്തി. ഒന്നാമിന്നിങ്സ് ലീഡിന്റെ കരുത്തിലാണ് കേരളത്തിന്റെ മുന്നേറ്റം. അവസാന ദിവസം മൂന്നു വീക്കറ്റുകളും വീഴ്ത്തിയ ആദിത്യ സര്‍വതെയാണ് കേരളത്തെ ചരിത്രനേട്ടത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. രണ്ടു റണ്‍സിന്റെ ലീഡാണ് കേരളം നേടിയത്. ഇപ്പോഴിതാ കേരളാ ടീമിനെ പ്രശംസിച്ച് കുറിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പോസ്റ്റാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

'ഒരു റണ്ണിന്റെ വില അറിഞ്ഞത് ക്വാര്‍ട്ടര്‍ ഫൈനലില്‍. രണ്ട് റണ്ണിന്റെ വില അറിഞ്ഞത് സെമിയില്‍. എല്ലാ അര്‍ത്ഥത്തിലും പൊരുതി നേടിയ വിജയങ്ങള്‍.
അങ്ങനെ ഒരു പുതിയ ചരിത്രം പിറക്കുന്നു. കേരളം രഞ്ജി ട്രോഫി ഫൈനലിന് തൊട്ടരുകിലാണ്. അഞ്ചാം ദിവസത്തെ 65 ഓവറുകള്‍ തീരേണ്ട സാങ്കേതികത്വം മാത്രമാണ് ബാക്കി. ഇനി നമുക്ക് ചരിത്ര ഫൈനല്‍ കാണാം.'

ഇന്നലെ കളി അവസാനിപ്പിച്ചപ്പോള്‍ ഏഴു വിക്കറ്റിന് 429 എന്ന നിലയിലായിരുന്നു ഗുജറാത്ത്. കേരളം ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 457 റണ്‍സ് മറികടക്കാന്‍ ഗുജറാത്തിന് 28 റണ്‍സ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. 161 പന്തില്‍ 74 റണ്ണോടെ ജെ എം പട്ടേലും 134 പന്തില്‍നിന്ന് 24 റണ്ണോടെ സിദ്ധാര്‍ഥ് ദേശായിയുമാണ് ക്രീസിലുണ്ടായിരുന്നത്.

ഇന്നലെ ഗുജറാത്തിന്റെ ആറ് വിക്കറ്റുകള്‍ എളുപ്പത്തില്‍ വീഴ്ത്താന്‍ കഴിഞ്ഞെങ്കിലും ഇരുവരുടെയും പ്രതിരോധം മറികടക്കാന്‍ കേരളത്തിനായിരുന്നില്ല. എന്നാല്‍ ഇന്ന് മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ഇരുവരുടെയും വിക്കറ്റുകള്‍ കേരളം നേടി. ആദിത്യ സര്‍വതേയ്ക്കായിരുന്നു രണ്ട് വിക്കറ്റും. ശേഷിക്കുന്ന ഒരു വിക്കറ്റ് കൂടി വീണതോടെ കേരളം ഒന്നാം ഇന്നിങ്സ് ലീഡ് എടുത്തു.

ഏതായാലും ലീഡെടുത്ത കേരളം ഇന്ന് രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്യേണ്ടി വരും. വിക്കറ്റ് പോവാതിരുന്നാല്‍ ഒന്നാം ഇന്നിങ്സ് ലീഡ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യാം. അങ്ങനെ മുഴുവന്‍ വിക്കറ്റ് പോകാനുള്ള സാധ്യത വളരെ കുറവാണ്. കേരളത്തിന്റെ മുഴുവന്‍ വിക്കറ്റുകള്‍ പോകുകയാണെകില്‍ തന്നെ ഗുജറാത്തിന് ഇന്ന് തന്നെ ലീഡ് റണ്‍സും കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് ടോട്ടലും മറികടക്കേണ്ടി വരും. അങ്ങനെയൊരു സാധ്യത തുലോം തുച്ഛമെന്നിരിക്കെ കേരളത്തിന്റെ ഫൈനല്‍ പ്രവേശം ഉറപ്പായിരിക്കുകയാണ്. ഇതുപോലെ തന്നെയായിരുന്നു കേരളം സെമി ഫൈനലിലേക്കും മാര്‍ച് ചെയ്തത്. ആ മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ആദ്യം ഫോളോ ഓണ്‍ ഭീഷണിയും പിന്നീട് വലിയ ലീഡ് വഴങ്ങല്‍ ഭീഷണിയും മുന്നില്‍ കണ്ടിടത്ത് നിന്നും പൊരുതി തിരിച്ചുവന്ന് ഒരു റണ്‍സിന്റെ ലീഡ് കേരളം നേടിയിരുന്നത്. ആ ലീഡിന് ഒരു സെമിയുടെ വിലയാണുണ്ടായത്. ഇപ്പോള്‍ ചരിത്രം കുറിച്ച ഫൈനലിലേക്കും മാര്‍ച്ച് ചെയ്തിരിക്കുകയാണ്.

Content HIghlights: V D Satheesan Congaratulating Kerala Cricket Team in Ranji Trophy

dot image
To advertise here,contact us
dot image