
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ പുതുചരിത്രമെഴുതി ഇംഗ്ലണ്ട് ഓപണർ ബെൻ ഡക്കറ്റ്. ചാംപ്യൻസ് ട്രോഫി ചരിത്രത്തിൽ ആദ്യമായി ഒരു താരം 150 റൺസ് പിന്നിട്ടു. 143 പന്തുകൾ നേരിട്ട് 17 ഫോറിന്റെയും മൂന്ന് സിക്സറുകളുടെയും സഹായത്തോടെ 165 റൺസുമായി ഡക്കറ്റ് ചാംപ്യൻസ് ട്രോഫിയിലെ എക്കാലത്തെയും ഉയർന്ന വ്യക്തിഗത സ്കോർ സ്വന്തമാക്കി.
21 വർഷം പഴക്കമുള്ള റെക്കോർഡാണ് ബെൻ ഡക്കറ്റ് തിരുത്തിയെഴുതിയത്. ന്യൂസിലാൻഡ് മുൻ താരം നഥാൻ ആസിലിന്റെ പേരിലായിരുന്നു ചാംപ്യൻസ് ട്രോഫിയിലെ എക്കാലത്തെയും ഉയർന്ന വ്യക്തിഗത സ്കോർ നേട്ടം. 2004ൽ യു എസ് എയ്ക്കെതിരെ പുറത്താകാതെ 145 റൺസ് ആസിൽ നേടിയിരുന്നു. 2002ൽ ഇന്ത്യയ്ക്കെതിരെ സിംബാബ്‍വെയുടെ ആൻഡി ഫ്ലവറും 145 റൺസ് നേടിയിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ മികച്ച സ്കോർ നേടാനും ഇംഗ്ലണ്ടിന് കഴിഞ്ഞു. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 351 റൺസാണ് ഇംഗ്ലീഷ് താരങ്ങൾ അടിച്ചുകൂട്ടിയത്. ഡക്കറ്റിനെ കൂടാതെ 68 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലീഷ് നിരയിൽ തിളങ്ങിയ മറ്റൊരു ബാറ്റർ. ഓസ്ട്രേലിയയ്ക്കായി ബെൻ ഡ്വാര്‍ഷുസ് മൂന്ന് വിക്കറ്റെടുത്തു.
Content Highlights: Ben Duckett scores highest individual score in Champions Trophy