ബിന്നിയുടെ വെടിക്കെട്ട്, പഠാൻ ബ്രദേഴ്സിന്റെ ഓൾറൗണ്ട് മികവ്; മാസ്റ്റേഴ്സ് ലീഗിൽ ഇന്ത്യക്ക് ജയം

ലഹിരു തിരുമാനെയുടെ ക്യാച്ചെടുത്ത യുവരാജ് സിങ് തന്റെ ഫീൽഡിങ് മികവിന് മാറ്റമില്ലെന്ന് തെളിയിച്ചു

dot image

അന്താരാഷ്ട്ര മാസ്റ്റേഴ്സ് ക്രിക്കറ്റ് ലീ​ഗിൽ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ ശ്രീലങ്ക മാസ്റ്റേഴ്സിനെ നാല് റൺസിന് തോൽപ്പിച്ചാണ് സച്ചിൻ തെണ്ടുൽക്കറിന്റെ സംഘം വിജയം ആഘോഷിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മാസ്റ്റേഴ്സ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. മറുപടി പറഞ്ഞ ശ്രീലങ്ക മാസ്റ്റേഴ്സിന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് നേടാൻ കഴിഞ്ഞത്.

നേരത്തെ ടോസ് നേടിയ ശ്രീലങ്ക മാസ്റ്റേഴ്സ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്റ്റൻ സച്ചിൻ തെണ്ടുൽക്കറിനൊപ്പം അമ്പാട്ടി റായുഡുവാണ് ഇന്ത്യൻ ഇന്നിം​ഗ്സ് ഓപൺ ചെയ്തത്. റായുഡു അഞ്ച് റൺസോടെയും സച്ചിൻ 10 റൺസോടെയും മടങ്ങി. പിന്നാലെ 32 പന്തിൽ ഏഴ് ഫോർ സഹിതം 44 റൺസുമായി ​ഗുർക്രീത് സിങ് ഇന്ത്യൻ സ്കോർ മുന്നോട്ട് നീക്കി. എന്നാൽ സ്റ്റുവർട്ട് ബിന്നിയുടെ പ്രകടനമാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. 31 പന്തിൽ മൂന്ന് ഫോറും ഏഴ് സിക്സറും സഹിതം 68 റൺസാണ് ബിന്നി അടിച്ചെടുത്തത്. പിന്നാലെ യുവരാജ് സിങ്ങും യൂസഫ് പഠാനും ഇന്ത്യൻ സ്കോർ ഉയർത്തി.

22 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം യുവരാജ് പുറത്താകാതെ 31 റൺസെടുത്തു. 22 പന്തിൽ മൂന്ന് ഫോറും ആറ് സിക്സറും സഹിതം പുറത്താകാതെ 56 റൺസാണ് യൂസഫ് പഠാൻ നേടിയത്. യൂസഫ് ബാറ്റുകൊണ്ട് മികവ് കാട്ടിയപ്പോൾ സഹോദരൻ ഇർഫാൻ പഠാൻ പന്തുകൊണ്ടാണ് മികവ് കാട്ടിയത്. മൂന്ന് വിക്കറ്റുകൾ ഇർഫാൻ പഠാൻ സ്വന്തമാക്കി. ലഹിരു തിരുമാനെയുടെ ക്യാച്ചെടുത്ത യുവരാജ് സിങ് തന്റെ ഫീൽഡിങ് മികവിന് മാറ്റമില്ലെന്ന് തെളിയിച്ചു.

ശ്രീലങ്കയ്ക്കായി കുമാർ സം​ഗക്കാര 51, ലഹിരു തിരുമാനെ 24, അസേല ​ഗുണരത്നെ 37, ജീവൻ മെൻഡിസ് 42, ഇസരു ഉഡാന 23 എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാൽ വിജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ അന്തിമജയം ഇന്ത്യ സ്വന്തമാക്കി.

Content Highlights: India win by four runs in International Masters League

dot image
To advertise here,contact us
dot image