
ഐസിസി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ നാളെ പാകിസ്താനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് ശൈലി എങ്ങനെയെന്ന് പറയുകയാണ് വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. പിച്ച് പരിശോധിച്ച ശേഷമാവും എങ്ങനെ കളിക്കണമെന്ന് തീരുമാനിക്കുക. കഴിഞ്ഞ മത്സരത്തിൽ ആദ്യം ഫീൽഡിങ്ങിന് ഇറങ്ങിയത് നന്നായി. ബാറ്റിങ്ങ് എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ ഫീൽഡിങ്ങ് സമയത്ത് തീരുമാനിക്കാൻ കഴിഞ്ഞു. ഒരു ബാറ്ററെന്ന നിലയിൽ തീർച്ചയായും പിച്ചിന്റെ സ്വഭാവം മനസിലാക്കണം. ആക്രമണ ശൈലിയിൽ കളിക്കാനാണ് ഇന്ത്യൻ ടീം ആഗ്രഹിക്കുന്നത്. എങ്കിലും പിച്ചിന്റെ സ്വഭാവത്തിന് അനുസരിച്ച് തീരുമാനത്തിൽ മാറ്റങ്ങളുണ്ടാകും. ദുബായിലെ പിച്ചിൽ 260-280 റൺസ് മികച്ച ടോട്ടലായിരിക്കുമെന്ന് കരുതുന്നു. ബാറ്റിങ്ങിന് അനുകൂല സാഹചര്യമെങ്കിൽ 350 റൺസ് അടിക്കാനാവും ഇന്ത്യൻ ടീം ശ്രമിക്കുക. മത്സരത്തിന് മുമ്പായുള്ള വാർത്താസമ്മേളനത്തിൽ ഗിൽ പറഞ്ഞു.
ഇന്ത്യൻ ടീമിൽ റിഷഭിന് അവസരം നൽകാത്തതിലും ഗിൽ പ്രതികരണം നടത്തി. റിഷഭ് വൈറൽ ഫീവർ ബാധിതനാണ്. ഇപ്പോൾ താരം പരിശീലനത്തിന് പോലും ഇറങ്ങുന്നില്ല. റിഷഭ് ഫിറ്റാണെങ്കിൽ തീർച്ചയായും അയാൾക്ക് ടീമിൽ അവസരം ഉണ്ടാകും. അസുഖ ബാധിതനായതിനാലാണ് നിലവിൽ റിഷഭ് പന്തിന് ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിയാത്തത്. നാളെ പാകിസ്താനെതിരായ മത്സരത്തിന് മുമ്പായുള്ള വാർത്താസമ്മേളനത്തിൽ ശുഭ്മൻ ഗിൽ പ്രതികരിച്ചു.
അതിനിടെ ചാംപ്യൻസ് ട്രോഫി സെമി ഫൈനൽ ലക്ഷ്യമിട്ട് നാളെ ഇന്ത്യ പാകിസ്താനെ നേരിടും. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ നേരിട്ട സമാന ടീമിനെയാവും ഇന്ത്യ പാകിസ്താനെതിരെയും അണിനിരത്തുക. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യൻ സംഘം സ്വന്തമാക്കിയത്.
Content Highlights: Shubman Gill on India's approach against Pakistan in CT