
രഞ്ജി ട്രോഫിയില്‍ കേരളം ഫൈനലില്‍ പ്രവേശിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. വര്‍ഷങ്ങളായി കാത്തിരുന്ന നിമിഷമായിരുന്നു കേരളത്തിന്റെ ഫൈനല്‍ പ്രവേശനമെന്നാണ് റിപ്പോര്‍ട്ടറിന്റെ മോണിങ് ഷോയായ കോഫി വിത്ത് അരുണില്‍ സച്ചിന്‍ ബേബി പറഞ്ഞത്. സെമിയില്‍ ഇറങ്ങുമ്പോള്‍ ഉള്ളില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും തുറന്നുപറഞ്ഞ സച്ചിന്‍ ഫൈനല്‍ പ്രവേശത്തിന് കാരണമായ നിര്‍ണായക ക്യാച്ചിനെ കുറിച്ചും തുറന്നുപറഞ്ഞു.
'ഏറെ കാത്തിരുന്ന നിമിഷമാണിത്. അതുകൊണ്ടുതന്നെ തീര്‍ച്ചയായും എല്ലാവരുടെയും ഉള്ളില്‍ നല്ല സമ്മര്‍ദ്ദമുണ്ടായിരുന്നു. പക്ഷേ ആരും അത് പുറത്തുകാണിക്കാതെയാണ് കളിച്ചത്. പ്രതീക്ഷിച്ചതുപോലെ അത്ഭുതം സംഭവിച്ചു', സച്ചിന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'ആ ക്യാച്ച് എന്റെ കരിയറിലെ തന്നെ സുവര്‍ണനിമിഷമായിരിക്കും. കാരണം എല്ലാവരുടെയും ആഗ്രഹമായിരുന്നു കേരളം കപ്പടിക്കുകയെന്നത്. ആ പന്ത് ഉയര്‍ന്നുപൊങ്ങിയപ്പോള്‍ ഒരുപാട് നിമിഷങ്ങള്‍ മിന്നിമറഞ്ഞുപോയി. പണ്ട് ടി20 ലോകകപ്പില്‍ ക്യാച്ചെടുത്തതുപോലെ ഒരു നിമിഷമായിരുന്നു എനിക്കും', കേരള ക്യാപ്റ്റന്‍ പറഞ്ഞു.
'ദൈവത്തെ വിളിച്ചാണ് ആ ക്യാച്ചെടുത്തത്. കാരണം ഹെല്‍മറ്റില്‍ തട്ടിയ പന്ത് പിടിച്ചാല്‍ അപ്പോള്‍ തന്നെ ഡെഡ്‌ബോള്‍ വിളിക്കുമെന്ന ഒരു നിയമം ക്രിക്കറ്റില്‍ പണ്ട് ഉണ്ടായിരുന്നു. ആ നിയമം മാറിയെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും ഹെല്‍മറ്റില്‍ തട്ടിയപ്പോള്‍ ഡെഡ്‌ബോളാണോയെന്ന് സംശയം ഉണ്ടായിരുന്നു. പക്ഷേ ഒരു ദൈവാനുഗ്രഹം പോലെ ആ ക്യാച്ച് നമുക്ക് കിട്ടി', സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
ആവേശപ്പോരില്‍ രണ്ട് റണ്‍സിന്റെ നിര്‍ണായക ലീഡ് നേടിയാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. സച്ചിന്‍ ബേബിയുടെ നിര്‍ണായക ക്യാച്ചാണ് കേരളത്തെ ഫൈനലിലേക്ക് എത്തിച്ചത്. പതിനൊന്നാമനായി ഇറങ്ങിയ നാഗസ്വാല സര്‍വ്വാത്ഥയെ അതിര്‍ത്തി കടത്താന്‍ ശ്രമിച്ച ഷോട്ട് സല്‍മാന്‍ നിസാറിന്റെ ഹെല്‍മെറ്റില്‍ തട്ടി നായകന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തുകയായിരുന്നു. പിന്നാലെ നിര്‍ണായകമായ രണ്ട് റണ്‍സ് ലീഡ് സ്വന്തമായി.
പിന്നാലെ കേരളം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിങ്ങിനിറങ്ങിയെങ്കിലും മത്സരം സമനിലയിലായി. സ്‌കോര്‍ കേരളം ആദ്യ ഇന്നിംഗ്‌സില്‍ 457, ഗുജറാത്ത് ആദ്യ ഇന്നിംഗ്‌സില്‍ 455. കേരളം രണ്ടാം ഇന്നിംഗ്‌സില്‍ നാലിന് 114. രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ കേരളം വിദര്‍ഭയെ നേരിടും. നിലവിലെ ചാംപ്യന്മാരായ മുംബൈയെ 80 റണ്‍സിന് തോല്‍പ്പിച്ചാണ് വിദര്‍ഭ ഫൈനലില്‍ കടന്നിരിക്കുന്നത്. ഫെബ്രുവരി 26നാണ് ഫൈനല്‍ ആരംഭിക്കുക.
Content Highlights: There was doubt that it was a dead ball when it hit the helmet; Sachin Baby to reporter