
ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ്ക്ക് വിജയമൊരുക്കിയ ഇന്നിങ്സ് കാഴ്ചവെച്ചത് അവരുടെ മധ്യനിര ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോഷ് ഇംഗ്ലിസാണ്. നേരത്തെ കഴിഞ്ഞ മാസം ലങ്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലും അരങ്ങേറ്റത്തിൽ തന്നെ ഇംഗ്ലിസ് സെഞ്ച്വറി കുറിച്ചിരുന്നു. മത്സരശേഷം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ ആദ്യം പന്തെറിയാനുള്ള തീരുമാനമാണ് ഓസീസിന് വിജയമൊരുക്കിയതെന്ന് ഇംഗ്ലിസ് പറഞ്ഞു. 15 മാസം മുമ്പ് ഏകദിന കിരീടം നേടിയ ടീമിൽ നിന്ന് സ്ഥിരം സാന്നിധ്യങ്ങളായ 7 പേർ ഇല്ലാതെയാണ് ഇക്കുറി ഓസ്ട്രേലിയ പാക്കിസ്ഥാനിലെത്തിയിരിക്കുന്നത്. എങ്കിലും ആദ്യമത്സരത്തിലെ മിന്നും വിജയം അവർക്ക് വലിയ ആത്മവിശ്വാസം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. ഏകദിനത്തിലെ ഓസീസിന്റെ രണ്ടാമത്തെ ഏറ്റവും വലിയ റൺ ചേസായിരുന്നു കഴിഞ്ഞ ദിനം ഇംഗ്ലണ്ടിനെതിരെ നടന്നത്.
ഇംഗ്ലണ്ടിനെതിരെ 352 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മറികടന്ന ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റിനായിരുന്നു ജയിച്ചുകയറിയത്. ജോഷ് ഇംഗ്ലിസ് (86 പന്തില്‍ പുറത്താവാതെ 120) സെഞ്ചുറി കരുത്തില്‍ ഓസീസ് 47.3 ഓവറില്‍ ലക്ഷ്യം മറികടന്നു. ഒരു ഐസിസി ടൂര്‍ണമെന്റില്‍ ഇത്രയും ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നത് ഇതാദ്യമാണ്. ഒരു ഘട്ടത്തിൽ നാലിന് 136 എന്ന നിലയിലായിരുന്നു ഓസീസ്. മത്സരം ഇംഗ്ലണ്ട് കയ്യിലാക്കി എന്ന് കരുതിയിരിക്കെയാണ് ഇംഗ്ലിസ് - ക്യാരി കൂട്ടുകെട്ട് ഓസീസിന് തുണയായി വരുന്നത്. 146 റണ്‍സാണ് ഇരുവരും കൂട്ടി ചേര്‍ത്തത്. ഓസീസിന്റെ വിജയത്തില്‍ നിര്‍ണായകമായതും ഈ കൂട്ടുകെട്ടായിരുന്നു. ഇംഗ്ലിസ് ആറ് സിക്‌സറും എട്ട് ബൌണ്ടറിയും നേടി.
'350 എന്നത് വലിയൊരു ടോട്ടലായിരുന്നു. എങ്കിലും ഈ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ഞങ്ങൾ പരിശീലനത്തിനിറങ്ങിയിരുന്നു. അത് തുണയായി. മഞ്ഞുവീഴ്ചയുണ്ടാകുന്ന സമയം ഞങ്ങൾ ഏതാണ്ട് മനസിലാക്കിയിരുന്നു. ടോസ് കിട്ടി ഫീൽഡിങ് തിരഞ്ഞെടുത്തത് ഈയൊരു കാര്യം മുൻ കൂട്ടി കണ്ടുകൊണ്ടാണ്. റൺചേസിൽ അത് ഗുണകരമായി. മാർനസിന്റേയും ഷോർട്ടിന്റെയും ഇന്നിങ്സുകളാണ് ഞങ്ങൾക്ക് ചേസിങ്ങിനുള്ള പ്ലാറ്റ്ഫോം ഒരുക്കിയത്. മാക്സ്വെൽ ക്രീസിലെത്താനുണ്ട് എന്ന കാര്യം ഞങ്ങൾക്ക് പ്രചോദനമായിരുന്നു. ടെൻഷൻ കുറച്ചു.' ഇംഗ്ലിസ് പറയുന്നതിങ്ങനെ.
ഈ സെഞ്ച്വറിയോടെ ഓസീസിനായി എല്ലാ ഫോർമാറ്റിലും സെഞ്ച്വറി കുറിക്കുന്ന നാലാമനായി ഇംഗ്ലിസ് മാറുകയുണ്ടായി.
Content highlights: Inglis vindicated Smith's brave move to bowl first on a Lahore helped them to win the match