
ഇന്നലെ നടന്ന ചാംപ്യൻസ് ട്രോഫിയിലെ ബ്ലോക്ക് ബസ്റ്റർ പോരാട്ടത്തിൽ ആറ് വിക്കറ്റിന്റെ ജയമാണ് പാകിസ്താനെതിരെ ഇന്ത്യ നേടിയത്. മത്സരം സെഞ്ച്വറി നേടി സൂപ്പർ താരം വിരാട് കോഹ്‌ലി ടൂർണ്ണമെന്റിലേക്ക് വരവറിയിക്കുകയും ചെയ്തു. ഇപ്പോഴിതാ താരത്തിന്റെ സെഞ്ച്വറി ആഘോഷമാക്കുന്ന പാകിസ്താനിലെ ആരാധകരുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
ഇസ്‍ലാമബാദിലെ കൂറ്റൻ സ്‌ക്രീനിന് മുന്നിൽ കാണുന്ന ആരാധകർ അവരുടെ സ്വന്തം ടീം തോറ്റെങ്കിലും കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടത്തിൽ മതിമറന്ന് ആഘോഷിക്കുന്നത് വീഡിയോയിൽ കാണാം. മത്സരം ഇന്ത്യ വിജയിച്ചതോടെ പാകിസ്താൻ ടൂർണമെന്റിൽ നിന്ന് പുറത്താകുന്നതിന്റെ വക്കിലെത്തിയെങ്കിലും അതൊന്നും വകവെക്കാതെയാണ് ആരാധകരുടെ ആഘോഷം എന്നതും ശ്രദ്ധേയമാണ്.
اسلام آباد میں موجود کرکٹ شائقین ویرات کوہلی کی سینچری پر خوشی مناتے ہوئے https://t.co/5KyXSQMhdh pic.twitter.com/51Uliy4GNm
— Muhammad Faizan Aslam Khan (@FaizanBinAslam1) February 23, 2025
നേരത്തെ ഇന്ത്യ ചാംപ്യൻസ് ട്രോഫി പാകിസ്താനിൽ കളിയ്ക്കാൻ വിസമ്മതിച്ചപ്പോൾ കോഹ്‌ലിയെ സ്വാഗതം ചെയ്ത് പാക് ആരാധകർ രംഗത്തെത്തിയിരുന്നു. ആഭ്യന്തര രാഷ്ട്രീയ കാരണങ്ങളാൽ ദുബായിലാണ് ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ നടക്കുന്നത്.
ജയിക്കാൻ രണ്ട് റൺസ് വേണ്ടിയിരിക്കെ ബൗണ്ടറി നേടിയാണ് വിരാട് കോലി 51–ാം ഏകദിന സെഞ്ച്വറിയിലെത്തിയത്. കോഹ്‌ലിയുടെ ഫോറോടെ 242 റൺസെന്ന വിജയലക്ഷ്യത്തിലേക്കും ഇന്ത്യയെത്തി. പാക്കിസ്ഥാനെതിരെ 111 പന്തുകൾ നേരിട്ട താരം ഏഴുഫോറുകളോടെ 100 റൺസാണ് നേടിയത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 49.4 ഓവറിൽ 241 റൺസാണു നേടിയത്. 76 പന്തിൽ 62 റൺസെടുത്ത സൗദ് ഷക്കീലാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 42.3 ഓവറിൽ ഇന്ത്യ വിജയത്തിലെത്തി. ടൂർണമെന്റിലെ രണ്ടാം വിജയത്തോടെ ഇന്ത്യ ചാംപ്യൻസ് ട്രോഫി സെമി ഫൈനലിന് അരികിലെത്തി. ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലദേശിനെയും തോൽപിച്ചിരുന്നു.
Content Highlights: celebrations in pakistan when virat-kohli scores match winning hundred