കരുൺ നായരിന് സെഞ്ച്വറി നഷ്ടം; ആദ്യ ദിനം വിദർഭ മികച്ച നിലയിൽ

സെ‍ഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന ഡാനിഷ് മാലേവാർ ആണ് കേരളത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയാകുന്നത്

dot image

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ വിദർഭയ്ക്ക് മികച്ച തുടക്കം. ആദ്യ ദിവസം സ്റ്റമ്പെടുക്കുമ്പോൾ വിദർഭ ഒന്നാം ഇന്നിം​ഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്തിട്ടുണ്ട്. സെ‍ഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന ഡാനിഷ് മാലേവാർ ആണ് കേരളത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയാകുന്നത്. 86 റൺസെടുത്ത കരുൺ നായർ റൗൺഔട്ടായത് കേരളത്തിന് ആശ്വാസമായി.

നേരത്തെ ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തീരുമാനം ശരിവെച്ച് കേരള ബൗളർമാർ നന്നായി പന്തെറിഞ്ഞു. ഒരു ഘട്ടത്തിൽ വിദർഭ മൂന്നിന് 24 എന്ന് തകർന്നിരുന്നു. പാർഥ് രേഖാഡെ പൂജ്യം, ധ്രുവ് ഷോറെ 35 പന്തിൽ 16, സ്ഥാനക്കയറ്റം കിട്ടി വൺഡൗണായി എത്തിയ ദർശൻ നൽകാണ്ഡെ 21 പന്തിൽ ഒന്ന് എന്നിവരാണ് വിദർഭ നിരയിൽ പുറത്തായത്. എന്നാൽ നാലാം വിക്കറ്റിൽ മാലേവാറും കരുണും ഒത്തുചേർന്നതോടെ വിദർഭ പിടിമുറുക്കി.

259 പന്തിൽ 14 ഫോറും രണ്ട് സിക്സറും സഹിതം 138 റൺസുമായി മാലേവാർ പുറത്താകാതെ നിൽക്കുകയാണ്. 188 പന്തിൽ എട്ട് ഫോറും ഒരു സിക്സുറം സഹിതം 86 റൺസെടുത്ത കരുൺ നായരെ കേരളത്തിന് പുറത്താക്കാൻ കഴിഞ്ഞു. മത്സരത്തിന്റെ 82-ാം ഓവറിൽ ഏദൻ ആപ്പിൽ ടോം എറിഞ്ഞ പന്ത് ഓഫ്സൈഡിന് പുറത്ത് വിക്കറ്റ് കീപ്പർ മുഹമ്മദ് അഹ്സറുദ്ദീന്റെ കൈയ്യിൽ നിന്ന് ചോർന്നു. സ്ലിപ്പിലേക്ക് പന്ത് നീങ്ങിയപ്പോൾ ക്രീസ് വിട്ട് ഓടിയ കരുണിനെ പന്ത് കൈയ്യിലെടുത്ത രോഹൻ കുന്നുന്മലിന്റെ ഡയറക്ട് ത്രോയിലൂടെ റൺഔട്ടാക്കുകയായിരുന്നു. കേരളത്തിനായി എം ഡി നിധീഷ് രണ്ടും ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി.

Content Highlights: Karun Nair lost hundred in Ranji Final, Vidarbha is in driving seat

dot image
To advertise here,contact us
dot image