
രഞ്ജി ട്രോഫി ചരിത്രത്തിലെ ആദ്യ ഫൈനലിൽ കേരളം വിദർഭയ്ക്കെതിരെ ഇന്നിറങ്ങുകയാണ്. ചരിത്രത്തിലെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ആ ഇറക്കം എന്നതിൽ സംശയമില്ല. രാവിലെ 9.30നാണ് മത്സരം തുടങ്ങുക. ജിയോ ഹോട്സ്റ്റാറില്‍ മത്സരം തത്സമയം കാണാനാകും.
നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയമാണ് മത്സരത്തിന്‍റെ വേദി. ബാറ്റിങ്ങിനെ തുണയ്ക്കുന്ന വിക്കറ്റാണെങ്കിലും ഈർപ്പവും പച്ചപ്പും ആദ്യ രണ്ടുദിനങ്ങളിൽ പേസർമാർക്ക് അനുകൂലമാക്കും. എന്നാൽ പിച്ച് പഴകുന്നതോടെ പിന്നീടുള്ള ദിവസങ്ങളിൽ സ്പിന്നർമാരെയാകും കൂടുതൽ തുണയ്ക്കുക. ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.
പിച്ചിന്റെ സ്വഭാവമനുസരിച്ച് ഒരു ബോളറെ കൂടി ഒരുപക്ഷെ കേരളം ഉൾപ്പെടുത്തിയേക്കും. ബേസിൽ തമ്പിക്കോ ഏദൻ ആപ്പിൾ ടോമിനോ ആവും നറുക്ക് വീഴുക. സെമി ഫൈനലിൽ അരങ്ങേറിയെങ്കിലും പ്രകടനം കാഴ്ച വെക്കാൻ പറ്റാതിരുന്ന വരുൺ നായരെ പുറത്തുനിർത്തിയേക്കും. ഇതുകൂടാതെ വിന്നിങ് ലൈനപ്പിൽ നിന്ന് കൂടുതൽ മാറ്റങ്ങൾക്ക് സാധ്യതയില്ല.
ഹോം ഗ്രൗണ്ടിന്‍റെ ആനുകൂല്യവുമായി ഇറങ്ങുന്ന വിദർഭ കേരളത്തിന് കടുത്ത എതിരാളികളാണ്. എന്നാൽ നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം കേരളത്തിന്റെ ഭാഗ്യ ഗ്രൗണ്ട് കൂടിയാണ്. സൽമാൻ നിസാറും, മുഹമ്മദ് അസറുദ്ദീനും, ജലജ് സക്സേനയുമടക്കമുള്ള മധ്യനിരയും വാലറ്റവും മികച്ച ഫോമിലാണ്. മുൻനിര കൂടി ഫോമിലേക്ക് ഉയർന്നാൽ കേരളത്തിന്‍റെ ബാറ്റിങ് കരുത്ത് കൂടും. കഴിഞ്ഞ മത്സരത്തിലൂടെ ക്യാപ്റ്റൻ സച്ചിൻ ബേബിയും ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബൗളിങ്ങിൽ എം ഡി നിധീഷും ജലജ് സക്സേനയും ആദിത്യ സർവാതെയുമാണ് കേരളത്തിന്‍റെ കരുത്ത്. ഇതിൽ സർവാതെ നീണ്ട ഒമ്പത് വർഷ കാലം വിദർഭയ്ക്ക് വേണ്ടി കളിച്ച താരമാണ്.
2018ലും 19ലും കപ്പുയർത്തിയ വിദർഭ കഴിഞ്ഞ വർഷം റണ്ണേഴ്സ് അപ്പുമായി. യാഷ് റാത്തോഡ് , ഹർഷ് ദുബെ, ക്യാപ്റ്റൻ അക്ഷയ് വാഡ്കർ, അഥർവ്വ ടൈഡെ, മലയാളി താരം കരുൺ നായർ, തുടങ്ങിയ പ്രതിഭകളുടെ നിണ്ട നിര തന്നെയുണ്ട് വിദർഭ ടീമിൽ. ഈ സീസണിലെ റണ്‍വേട്ടയില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് അഞ്ച് സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും അടക്കം 58.31 ശരാശരിയില്‍ 933 റണ്‍സുമായി മൂന്നാം സ്ഥാനത്താണ് യാഷ് റാത്തോഡ്. ഈ സീസണിലെ വിക്കറ്റ് വേട്ടയില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 16.42 ശരാശിയില്‍ 66 വിക്കറ്റെടുത്ത ഇടം കൈയന്‍ സ്പിന്നര്‍ ഹര്‍ഷ് ദുബെയെയും കേരളം നേരിടേണ്ടി വരും.
Content Highlights: Kerala enters Ranji Trophy dream final today; nagpur ground pitch report