അയാളുടെ കവർ ഡ്രൈവിലൊന്നും പ്രായം തട്ടിയിട്ടില്ല; മാസ്റ്റേഴ്സ് ലീഗിൽ മാസ്റ്റർ ബ്ലാസ്റ്ററുടെ വിന്റേജ് പെർഫോമൻസ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് പത്ത് വർഷത്തിലധികമായിട്ടും ക്ലാസ്സ് വിടാതെയായിരുന്നു സച്ചിന്റെ പ്രകടനം

dot image

ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ടി20 യിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് മാസ്റ്റേഴ്സിനെ ഇന്ത്യ മാസ്റ്റേഴ്സ് ഒമ്പത് വിക്കറ്റിന് തകർത്തു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറുകളിൽ എട്ട് വിക്കറ്റിന് 132 റൺസ് നേടിയപ്പോൾ വെറും 11.4 ഓവറുകളിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി‌ ഇന്ത്യ ലക്ഷ്യം കണ്ടു. ഓപ്പണർ ഗുർകീരത് സിങ്ങിന്റെ അർധ സെഞ്ച്വറിയും സച്ചിൻ ടെണ്ടുൽക്കർ, യുവരാജ് സിങ് എന്നിവരുടെ മിന്നുന്ന ബാറ്റിങ്ങുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് പത്ത് വർഷത്തിലധികമായിട്ടും ക്ലാസ്സ് വിടാതെയായിരുന്നു സച്ചിന്റെ പ്രകടനം. ഇംഗ്ലണ്ട് ബോളർ ബ്രെസ്‌നനെ തുടർച്ചയായ മൂന്ന് ബൗണ്ടറികൾക്കും താരം പറത്തി. സച്ചിന്റെ മത്സരം കാണാൻ നാല്പതിനായിരത്തോളം കാണികളും നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ എത്തി.

21 പന്തിൽ അഞ്ച് ഫോറുകളും ഒരു സിക്സറുമടക്കം 34 റൺസ് സച്ചിൻ നേടിയപ്പോൾ യുവരാജ് 14 പ‌ന്തുകളിൽ നാല് ഫോറും ഒരു സിക്സറുമടക്കം 27 റൺസ് നേടി. 35 പന്തിൽ 10 ഫോറും ഒരു സിക്സറുമടക്കം 63 റൺസ് നേടി ഗുർകീരത് സിങ് പുറത്താകാതെ നിന്നു.

25 റൺസെടുത്ത‌ ഡാരൻ മാഡിയാണ് ഇം​ഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ധവാൽ കുൽക്കർണി മൂന്ന് വിക്കറ്റും, അഭിമന്യു മിഥുൻ, പവൻ നേഗി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രണ്ട് മത്സരങ്ങളിലും ജയം നേടിയ ഇന്ത്യ മാസ്റ്റേഴ്സ് ലീഗിൽ ഒന്നാമതെത്തി.‌ ആദ്യ കളിയിൽ ശ്രീലങ്ക മാസ്റ്റേഴ്സിനെ നാല് റൺസിന് തോൽപ്പിച്ചിരുന്നു.

മാർച്ച് ഒന്നിന് ദക്ഷിണാഫ്രിക്കയാണ് അടുത്ത എതിരാളികൾ. അതേസമയം ഇയോൺ മോർഗന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ടീം ഫെബ്രുവരി 27 ന് നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്‌സിനെ നേരിടും.

Content Highlights: Master Blaster Sachin Tendulkar Activates God Mode Against England

dot image
To advertise here,contact us
dot image