രഞ്ജി ട്രോഫി ഫൈനൽ; നിർണായക ടോസ് ജയിച്ച് കേരളം

രഞ്ജി ട്രോഫി ചരിത്രത്തിലെ ആദ്യ ഫൈനലിൽ വിദർഭയ്ക്കെതിരെ നിർണായക ടോസ് ജയിച്ച് കേരളം

dot image

രഞ്ജി ട്രോഫി ചരിത്രത്തിലെ ആദ്യ ഫൈനലിൽ വിദർഭയ്ക്കെതിരെ നിർണായക ടോസ് ജയിച്ച് കേരളം. ടോസ് നേടിയ കേരളം വിദർഭയെ ബാറ്റിങിനയച്ചു. ചരിത്രത്തിലെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇറങ്ങുന്നത്. രാവിലെ 9.30നാണ് മത്സരം തുടങ്ങുക. ജിയോ ഹോട്സ്റ്റാറില്‍ മത്സരം തത്സമയം കാണാനാകും.

ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെയാണ് ഇരുടീമുകളും എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏഴുമത്സരങ്ങളിൽ നിന്ന് ആറ് ജയവുമായി 40 പോയിന്റുമായാണ് വിദർഭ എത്തുന്നതെങ്കിൽ ഏഴുമത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ബാക്കി സമനിലയുമായി 28 പോയിന്റുമായാണ് കേരളം ഇറങ്ങുന്നത്.

നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയമാണ് മത്സരത്തിന്‍റെ വേദി. ഹോം ഗ്രൗണ്ടിന്‍റെ ആനുകൂല്യവുമായി ഇറങ്ങുന്ന വിദർഭ കേരളത്തിന് കടുത്ത എതിരാളികളാണ്. എന്നാൽ നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം കേരളത്തിന്റെ ഭാഗ്യ ഗ്രൗണ്ട് കൂടിയാണ്.


സൽമാൻ നിസാറും, മുഹമ്മദ് അസറുദ്ദീനും, ജലജ് സക്സേനയുമടക്കമുള്ള മധ്യനിരയും വാലറ്റവും മികച്ച ഫോമിലാണ്. മുൻനിര കൂടി ഫോമിലേക്ക് ഉയർന്നാൽ കേരളത്തിന്‍റെ ബാറ്റിങ് കരുത്ത് കൂടും. കഴിഞ്ഞ മത്സരത്തിലൂടെ ക്യാപ്റ്റൻ സച്ചിൻ ബേബിയും ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബൗളിങ്ങിൽ എം ഡി നിധീഷും ജലജ് സക്സേനയും ആദിത്യ സർവാതെയുമാണ് കേരളത്തിന്‍റെ കരുത്ത്. ഇതിൽ സർവാതെ നീണ്ട ഒമ്പത് വർഷ കാലം വിദർഭയ്ക്ക് വേണ്ടി കളിച്ച താരമാണ്

2018ലും 19ലും കപ്പുയർത്തിയ വിദർഭ കഴിഞ്ഞ വർഷം റണ്ണേഴ്സ് അപ്പുമായി. യാഷ് റാത്തോഡ് , ഹർഷ് ദുബെ, ക്യാപ്റ്റൻ അക്ഷയ് വാഡ്കർ, അഥർവ്വ ടൈഡെ, മലയാളി താരം കരുൺ നായർ, തുടങ്ങിയ പ്രതിഭകളുടെ നിണ്ട നിര തന്നെയുണ്ട് വിദർഭ ടീമിൽ.

ഈ സീസണിലെ റണ്‍വേട്ടയില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് അഞ്ച് സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും അടക്കം 58.31 ശരാശരിയില്‍ 933 റണ്‍സുമായി മൂന്നാം സ്ഥാനത്താണ് യാഷ് റാത്തോഡ്. ഈ സീസണിലെ വിക്കറ്റ് വേട്ടയില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 16.42 ശരാശിയില്‍ 66 വിക്കറ്റെടുത്ത ഇടം കൈയന്‍ സ്പിന്നര്‍ ഹര്‍ഷ് ദുബെയെയും കേരളം നേരിടേണ്ടി വരും.

Content Highlights: Ranji Trophy; kerala vs vidharbha; toss for kerala

dot image
To advertise here,contact us
dot image