
പാകിസ്താൻ മുൻ താരങ്ങളായ വസീം അക്രം, ഷുഹൈബ് അക്തർ തുടങ്ങിയവർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിംഗ്. ചാംപ്യൻസ് ട്രോഫിയിൽ നിന്നും പുറത്തായായതിന് പിന്നാലെ പാകിസ്താൻ ടീമിനെതിരെ വിമർശനം ഉന്നയിച്ചതിനാണ് പാക് ഇതിഹാസങ്ങൾക്കെതിരെ യോഗ്‌രാജ് രംഗത്ത് വന്നത്.
യുവതാരങ്ങളെ മെന്റർ ചെയ്യുന്നതിനേക്കാൾ കമന്ററിക്കും സാമ്പത്തിക നേട്ടങ്ങൾക്കും മുൻഗണന നൽകുന്നവരാണ് ഈ പാകിസ്താൻ ഇതിഹാസങ്ങളെന്ന് വിമർശിച്ച യോഗ്‌രാജ് ഒരു വർഷത്തിനുള്ളിൽ പാകിസ്താൻ ക്രിക്കറ്റിനെ നന്നാക്കാനും കളിക്കാരെ മെച്ചപ്പെടുത്താനും തനിക്ക് കഴിയുമെന്നും വാദിച്ചു.
പാകിസ്ഥാൻ കളിക്കാർക്ക് വിമർശനത്തെക്കാൾ ശരിയായ മാർഗനിർദേശവും മാർഗനിർദേശവും ആവശ്യമാണെന്ന് യോഗ്‌രാജ് പറഞ്ഞു. പാകിസ്ഥാനിൽ പ്രതിഭകൾ ഇല്ലെന്ന ധാരണ അംഗീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. 'മുൻ ഇന്ത്യൻ കളിക്കാർ സ്വന്തം ടീമിനെതിരെ ഇത്രയും കഠിനമായ വാക്കുകൾ ഉപയോഗിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? നിങ്ങളുടെ കളിക്കാർക്ക് ആത്മവിശ്വാസം കുറവായിരിക്കുന്ന സമയത്ത് ഇങ്ങനെയെല്ലാം പറയുമ്പോൾ അവർ കൂടുതൽ സമ്മർദ്ദത്തിലാകും. കാരണം നിങ്ങളെല്ലാം ഇതിഹാസങ്ങളാണ്, അവർ നിങ്ങളെ ശ്രദ്ധിക്കും' യോഗ്‌രാജ് കൂട്ടിച്ചേർത്തു.
അതേ സമയം ഇന്ത്യയോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങുകയും തുടർതോൽവികളിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താക്കുകയും ചെയ്ത പാകിസ്താൻ ടീമിനെതിരെയും സീനിയർ താരങ്ങൾക്കെതിരെയും ഗുരുതര വിമർശനങ്ങളാണ് അക്രവും അക്തറും അടങ്ങുന്ന പാക് മുൻതാരങ്ങൾ നടത്തിയിരുന്നത്.
Content Highlights: Yograj Singh to Wasim, Shoaib: Don't just talk, I can fix Pakistan cricket in a year