
ലാഹോറിൽ ഇന്നലെ ചാംപ്യൻസ് ട്രോഫി നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ എട്ടുറൺസിന് തോൽപ്പിച്ച് അഫ്‌ഗാനിസ്ഥാൻ തങ്ങളുടെ സെമി സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ്. ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയും ന്യൂസിലാൻഡും സെമി ഉറപ്പിച്ചപ്പോൾ ഗ്രൂപ്പ് ബിയിൽ നിന്ന് ഇതുവരെ ആരും സെമി ഉറപ്പിച്ചിട്ടില്ല. ഗ്രൂപ്പ് ബിയിൽ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാൻ എന്നീ ടീമുകളാണ് സെമിയിലേക്കുള്ള രണ്ട് ടിക്കറ്റിനുള്ള മത്സരത്തിനുള്ളത്. ഇതിൽ ആരായിരിക്കും സെമിയിൽ ഇന്ത്യയെ നേരിടുക എന്നതാണ് ആകാംഷയുണ്ടാക്കുന്ന മറ്റൊരു കാര്യം.
എ ഗ്രൂപ്പിലെ പാകിസ്താൻ-ബംഗ്ലാദേശ് മത്സരം അപ്രസക്തമാണ് എന്നതിനാല്‍ ഞായറാഴ്ച ദുബായ് വേദിയാവുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരമായിരിക്കും ഗ്രൂപ്പ് ചാമ്പ്യന്‍മാരെ തീരുമാനിക്കുക. രണ്ട് ഗ്രൂപ്പിലെയും ചാമ്പ്യന്മാർ എതിർഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെയാവും നേരിടുക.
അവശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങളില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും വിജയിക്കുകയും ഇന്ത്യ കിവികളെ തോല്‍പിക്കുകയും ചെയ്താല്‍ ഇന്ത്യ സെമിയില്‍ നേരിടേണ്ടിവരിക ഓസ്ട്രേലിയയെയാവും. കാരണം ഓരോ മത്സരം ജയിക്കുമ്പോൾ അഞ്ചുപോയിന്റ് വീതമുണ്ടാകുന്ന ഇരു ടീമുകളിൽ നെറ്റ് റൺ റേറ്റ് അടിസ്ഥാനത്തിൽ ഓസ്‌ട്രേലിയയാകും ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്ത്.
ഇതിനിടെ അഫ്ഗാന്‍ ഓസ്ട്രേലിയയെ തോൽപ്പിക്കുകയൂം ദക്ഷിണാഫ്രിക്ക ജയിക്കുകയും ചെയ്താൽ സെമിയില്‍ ഇന്ത്യക്ക് എതിരാളി അഫ്ഗാനായിരിക്കും. അതേസമയം ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പിച്ചാല്‍ സെമിയില്‍ രോഹിത്തും സംഘവും ദക്ഷിണാഫ്രിക്കയെ നേരിടേണ്ടിവരും.
ഇംഗ്ലണ്ടിനെതിരെ ജയിച്ചെങ്കിലും, ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും പിന്നിൽ രണ്ടുപോയിന്റുമായി ഒരു പോയിന്റ് പിന്നിലാണ്. ശേഷിക്കുന്ന ഓസീസിനെതിരായ മത്സരം ജയിക്കുകയാണെങ്കിൽ അഫ്ഗാനിസ്ഥാന് സെമിയിലേക്ക് മാർച്ച് ചെയ്യാം.
അഫ്ഗാനിസ്ഥാനെതിരെയുള്ള അടുത്ത മത്സരം ജയിച്ചാൽ ടെൻഷനുകളില്ലാതെ ഓസീസിന് സെമിയിലേക്ക് മാർച്ച് ചെയ്യാം. അഫ്ഗാനിസ്ഥാനെതിരെ ഒരു പോയിന്റ് കൈവശം വച്ചാൽ, അഥവാ മത്സരം മഴമൂലം നടന്നില്ലെങ്കിലും സ്റ്റീവ് സ്മിത്തിനും കൂട്ടർക്കും സെമി ഫൈനൽ കളിക്കാൻ കഴിയും.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ജയിച്ചാൽ പ്രോട്ടിയാസിന് സെമിയിലേക്ക് മാർച്ച് ചെയ്യാം . ഇംഗ്ലണ്ടിനെതിരെ തോറ്റാലും ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നേറാൻ കഴിയും. ഇംഗ്ലണ്ട് അവരുടെ അവസാന മത്സരം ജയിക്കുകയും അഫ്ഗാനിസ്ഥാൻ ഓസ്ട്രേലിയയെ തോൽപ്പിക്കുകയും ചെയ്താൽ ഓസീസിനാണോ ദക്ഷിണാഫ്രിക്കയ്ക്കാണോ കൂടുതൽ നെറ്റ് റൺ റേറ്റ്, ആ ടീം അഫ്‌ഗാനിസ്ഥാനോപ്പം സെമിയിലേക്ക് മാർച്ച് ചെയ്യും.
Content Highlights:India's opponents in the Champions Trophy semi-finals; What are the odds?