
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്താന്റെ പ്രകടനം മോശമായിരുന്നുവെന്ന് സമ്മതിച്ച് ടീം നായകൻ മുഹമ്മദ് റിസ്വാൻ. സ്വന്തം നാട്ടിലായിരുന്നു ടീമിന് മികവ് പുലർത്തേണ്ടിയിരുന്നത്. പാകിസ്താൻ ടീമിനെക്കുറിച്ച് ആരാധകർക്ക് ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്നു. എന്നാൽ മികച്ച പ്രകടനം ഉണ്ടാകാതിരുന്നത് ടീമിനും ആരാധകർക്കും നിരാശ ജനിപ്പിച്ചു. പാകിസ്താൻ ക്രിക്കറ്റിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. റിസ്വാൻ പ്രതികരിച്ചു.
ചാംപ്യൻസ് ട്രോഫിയിൽ ഫഖർ സമാനും സയ്യീം അയുബും പരിക്കേറ്റ് മടങ്ങിയതിനെക്കുറിച്ചും റിസ്വാൻ പ്രതികരണം നടത്തി. ടീമിൽ അംഗമായിരുന്ന ഒരു താരത്തിന്റെ പരിക്ക് തീർച്ചയായും മുഴുവൻ നിരയെയും അസ്വസ്ഥതപ്പെടുത്തും. എങ്കിലും ടീമിലുണ്ടായിരുന്ന താരങ്ങൾ മോശം പ്രകടനം നടത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നും റിസ്വാൻ വ്യക്തമാക്കി.
ചാംപ്യൻസ് ട്രോഫിയിൽ ഒരു മത്സരം പോലും വിജയിക്കാൻ പാകിസ്താന് കഴിഞ്ഞില്ല. ഇന്ത്യയും ന്യൂസിലാൻഡും ബംഗ്ലാദേശും ഉൾപ്പെട്ട ഗ്രൂപ്പ് എയിലാണ് പാകിസ്താനും മത്സരിച്ചത്. പാകിസ്താനോടും ബംഗ്ലാദേശിനോടും ജയിച്ച് ഇന്ത്യയും ന്യൂസിലാൻഡും നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. ഇന്ന് നടക്കേണ്ടിയിരുന്ന പാകിസ്താൻ-ബംഗ്ലാദേശ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ഗ്രൂപ്പിൽ അവസാന മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. മാർച്ച് രണ്ടിനാണ് മത്സരം.
ഗ്രൂപ്പ് ബിയിലാണ് ഇനിയും സെമി ഫൈനലിസ്റ്റുകളെ തീരുമാനമാകാത്തത്. ഇംഗ്ലണ്ട് രണ്ട് മത്സരങ്ങൾ തോറ്റ് പുറത്തായപ്പോൾ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ ടീമുകൾ സെമിയിലേക്കെത്താൻ മത്സരിക്കുന്നു. ഓസ്ട്രേലിയയ്ക്ക് അഫ്ഗാനിസ്ഥാനുമായും ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ടുമായുമാണ് അവസാന മത്സരങ്ങൾ.
Content Highlights: Mohammad Rizwan shares his views on Pakistan's exit