സച്ചിൻ ബേബിക്ക് അർധ സെഞ്ച്വറി; രഞ്ജിയിൽ ആദ്യ ഇന്നിം​ഗ്സ് ലീഡിനായി പോരാട്ടം കടുക്കുന്നു

ക്രീസിൽ തുടരുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയിലാണ് കേരളത്തിന്റെ പ്രതീക്ഷ

dot image

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ആദ്യ ഇന്നിം​ഗ്സ് ലീഡിനായി കേരളത്തിന്റെ പോരാട്ടം തുടരുന്നു. മത്സരത്തിന്റെ മൂന്നാം ദിവസം ഉച്ചഭഷണത്തിന് പിരിയുമ്പോൾ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന നിലയിലാണ്. വിദർഭയുടെ ഒന്നാം ഇന്നിം​ഗ്സ് സ്കോറായ 379ന് ഒപ്പമെത്താൻ കേരളത്തിന് ഇനി 160 റൺസ് കൂടി വേണം. ഒന്നാം ഇന്നിം​ഗ്സ് ലീഡിലേക്കുള്ള യാത്രയിൽ കേരളം പാതിദൂരം പിന്നിട്ടിരിക്കുകയാണ്. അർധ സെഞ്ച്വറി നേടി ക്രീസിൽ തുടരുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയിലാണ് കേരളത്തിന്റെ പ്രതീക്ഷ.

നേരത്തെ മൂന്നിന് 131 എന്ന സ്കോറിൽ നിന്നാണ് കേരളം മൂന്നാം ദിവസം രാവിലെ ബാറ്റിങ് പുനരാംരഭിച്ചത്. 79 റൺസെടുത്ത ആദിത്യ സർവാതെ, 21 റൺസുമായി സൽമാൻ നിസാർ എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. 185 പന്തിൽ 10 ഫോറുകൾ ഉൾപ്പെടെയാണ് സർവാതെ 79 റൺസെടുത്തത്. 100-ാം ആഭ്യന്തര ക്രിക്കറ്റ് മത്സരം കളിക്കുന്ന സച്ചിൻ ബേബി 109 പന്തിൽ ആറ് ഫോറുകൾ ഉൾപ്പെടെ 52 റൺസെടുത്ത് ക്രീസിലുണ്ട്.

രണ്ടാം ദിവസം ആദ്യ ഇന്നിം​ഗ്സ് ആരംഭിച്ച കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റിരുന്നു. 14 റൺസെടുക്കുന്നതിനിടെ ഓപണർമാരായ രോഹൻ കുന്നുന്മലും അക്ഷയ് ചന്ദ്രനും തിരിച്ചെത്തി. മൂന്നാം വിക്കറ്റിൽ ആദിത്യ സർവതെ – അഹമ്മദ് ഇമ്രാൻ സഖ്യമാണ് കേരളത്തിന്റെ സ്കോർ മുന്നോട്ട് നീക്കിയത്. എന്നാൽ 83 പന്തിൽ മൂന്ന് ഫോറടക്കം 37 റൺസെടുത്ത് അഹമ്മദ് ഇമ്രാൻ രണ്ടാം ദിവസം തന്നെ പുറത്തായിരുന്നു.

Content Highlights: Kerala lost crucial wickets in morning session in Day 3

dot image
To advertise here,contact us
dot image