
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിന്റെ നിർണായകമായ മൂന്നാം ദിവസത്തിൽ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടം. 79 റൺസെടുത്ത ആദിത്യ സർവതെയുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. ഹർഷ് ദുബെയുടെ പന്തിൽ ഡാനിഷ് മാലോവറിന് ക്യാച് നൽകി മടങ്ങിയെങ്കിലും തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ട കേരള ടീമിനെ മികച്ച ട്രാക്കിലാക്കിയാണ് സർവതെയുടെ മടക്കം. താരം 185 പന്തിൽ പത്ത് ബൗണ്ടറികളും കണ്ടെത്തി. നിലവിൽ 60 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് കേരളം നേടിയത്. ആറ് വിക്കറ്റ് ശേഷിക്കെ വിദർഭയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറിലെത്താൻ ഇനി 198 റൺസ് കൂടിയാണ് വേണ്ടത്.
അതേ സമയം സർവതെയ്ക്കിത് മധുര പ്രതികാരം കൂടിയാണ്. പത്തുവര്‍ഷത്തോളം വിദര്‍ഭ ടീമിന്റെ നട്ടെല്ലായിരുന്ന സര്‍വതെ ഈ സീസണിലാണ് കേരളത്തിനൊപ്പമെത്തിയത്. രണ്ട് രഞ്ജി ട്രോഫി കിരീടനേട്ടങ്ങളിലെ പ്രധാനിയായ സര്‍വതെയെ വിദര്‍ഭ മാറ്റി നിർത്തുകയായിരുന്നു. കഴിഞ്ഞ രഞ്ജി ഫൈനലിൽ പുറംവേദന അലട്ടിയ സർവതെയ്ക്കു മത്സരത്തിൽ ശോഭിക്കാനായിരുന്നില്ല. എന്നാൽ ഈ ഒറ്റ കാരണം മുൻ നിർത്തി തന്റെ മുൻകാല നേട്ടങ്ങൾ കണക്കിലെടുക്കാതെ അപമാനിച്ചുവിട്ട വിദർഭയുമായുള്ള അനുഭവം മത്സരത്തിന് മുമ്പ് സർവതെ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. 10 വർഷത്തോളം വിദർഭയ്ക്കു കളിച്ച്, 250 വിക്കറ്റും 2 രഞ്ജി കിരീടങ്ങളും മൂന്ന് ഫൈനലുകളും കളിച്ച താരമാണ് സർവതെ.
Content Highlights: kerala vs vidharbha ranji trophy day 3