രഞ്ജി ട്രോഫി ഫൈനൽ; കഷ്ടിച്ച് രക്ഷപെട്ട് സച്ചിൻ, കടുത്ത അപ്പീലിനെ അതിജീവിച്ചു

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ആദ്യ ഇന്നിം​ഗ്സ് ലീഡിനായി കേരളത്തിന്റെ പോരാട്ടം തുടരുകയാണ്

dot image

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ കടുത്ത അപ്പീലിനെ അതിജീവിച്ച് കേരള ക്യാപ്റ്റൻ സച്ചിൻ ബേബി. കേരള ബാറ്റിങ്ങിന്റെ 76-ാം ഓവറിലാണ് സംഭവം. വിദർഭയുടെ പാർത്ഥ് രെഖാഡെ ആയിരുന്നു ബൗളർ. ഇടം കയ്യൻ സ്പിന്നറായ രെഖാഡെയുടെ കുത്തി ഉയർന്ന പന്ത് സച്ചിന്റെ പാഡിൽ തട്ടിയതോടെ വിദർഭ താരങ്ങൾ അപ്പീൽ ചെയ്തു. അംപയർ ഔട്ടും വിധിച്ചു. ഉടൻ തന്നെ സച്ചിൻ അംപയറുടെ തീരുമാനം പരിശോധിക്കാൻ റിവ്യൂ നൽകി. മൂന്നാം അംപയറുടെ പരിശോധനയിൽ സച്ചിന്‍റെ ബാറ്റിൽ പന്ത് തട്ടിയതായി കാണപ്പെട്ടു. ഇതോടെ വിക്കറ്റ് നഷ്ടത്തിൽ നിന്ന് സച്ചിൻ രക്ഷപെടുകയായിരുന്നു.

അതിനിടെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ആദ്യ ഇന്നിം​ഗ്സ് ലീഡിനായി കേരളത്തിന്റെ പോരാട്ടം തുടരുകയാണ്. മത്സരം 80 ഓവർ പിന്നിട്ടപ്പോൾ കേരളത്തിന്റെ സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസെന്ന നിലയിലാണ്. വിദർഭയുടെ ഒന്നാം ഇന്നിം​ഗ്സ് സ്കോറായ 379ന് ഒപ്പമെത്താൻ കേരളത്തിന് ഇനി 136 റൺസ് കൂടി വേണം. അർധ സെഞ്ച്വറി നേടി ക്രീസിൽ തുടരുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയിലാണ് കേരളത്തിന്റെ പ്രതീക്ഷ.

നേരത്തെ മൂന്നിന് 131 എന്ന സ്കോറിൽ നിന്നാണ് കേരളം മൂന്നാം ദിവസം രാവിലെ ബാറ്റിങ് പുനരാംരഭിച്ചത്. 79 റൺസെടുത്ത ആദിത്യ സർവാതെ, 21 റൺസുമായി സൽമാൻ നിസാർ എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. 185 പന്തിൽ 10 ഫോറുകൾ ഉൾപ്പെടെയാണ് സർവാതെ 79 റൺസെടുത്തത്.

രണ്ടാം ദിവസം ആദ്യ ഇന്നിം​ഗ്സ് ആരംഭിച്ച കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റിരുന്നു. 14 റൺസെടുക്കുന്നതിനിടെ ഓപണർമാരായ രോഹൻ കുന്നുന്മലും അക്ഷയ് ചന്ദ്രനും തിരിച്ചെത്തി. മൂന്നാം വിക്കറ്റിൽ ആദിത്യ സർവതെ – അഹമ്മദ് ഇമ്രാൻ സഖ്യമാണ് കേരളത്തിന്റെ സ്കോർ മുന്നോട്ട് നീക്കിയത്. എന്നാൽ 83 പന്തിൽ മൂന്ന് ഫോറടക്കം 37 റൺസെടുത്ത് അഹമ്മദ് ഇമ്രാൻ രണ്ടാം ദിവസം തന്നെ പുറത്തായിരുന്നു.

Content Highlights: Parth Rekhade had the Kerala captain out LBW, but the DRS saved Sachin Baby

dot image
To advertise here,contact us
dot image