
രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ വിദർഭയുടെ മലയാളി മതിൽ കരുൺ നായരെ പുറത്താക്കാനുള്ള നിർണായക അവസരം കൈവിട്ട് കേരളത്തിന്റെ അക്ഷയ് ചന്ദ്രൻ. ഏദൻ ആപ്പിൾ ടോം എറിഞ്ഞ പത്തൊമ്പതാം ഓവറിൽ കരുൺ നായരുടെ ബാറ്റിങ് എഡ്ജിൽ കൊണ്ട പന്ത് വിക്കറ്റ് കീപ്പർക്ക് അടുത്തായി നിൽക്കുന്ന അക്ഷയ് ചന്ദ്രനിലേക്ക് ഈസി ക്യാച്ചായി മാറിയെങ്കിലും താരത്തിന് കൈപ്പിടിയിലൊതുക്കാനായില്ല. നേരത്തെ ഏഴ് റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ തുടക്കത്തിൽ തകർന്ന വിദർഭയെ കരകയറ്റി കൊണ്ടിരുന്നത് ഡാനിഷ് മാലോവർ, കരുൺ നായർ സഖ്യമായിരുന്നു. കഴിഞ്ഞ ഇന്നിങ്സിലും ഇവർ 200 നടുത്തുള്ള കൂട്ടുകെട്ട് നേടിയിരുന്നു.
ആദ്യ ഇന്നിങ്സിൽ ഡാനിഷ് 153 റൺസെടുത്തപ്പോൾ കരുൺ നായർ 86 റൺസെടുത്തു. നിലവിൽ 21 ഓവർ പിന്നിടുമ്പോൾ 58 റൺസിന് രണ്ട് എന്ന നിലയിലാണ് വിദർഭ. അതേ സമയം ആദ്യ ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ കേരളത്തിന് വിദർഭയുടെ രണ്ടുവിക്കറ്റുകൾ നേടാനായിരുന്നു. ഒരു റൺസെടുത്ത പാർത്ഥ് രേഖാഡെയും അഞ്ച് റൺസോടെ ധ്രുവ് ഷോറെയുമാണ് പുറത്തായത്. ധ്രുവിനെ പുറത്താക്കാൻ കേരളം താരം മുഹമ്മദ് അസ്ഹറുദ്ദീൻ തകർപ്പനൊരു ക്യാച്ചുമെടുത്തു.
പാർത്ഥ് രേഖാഡെയുടെ വിക്കറ്റാണ് ആദ്യം വീണത്. ജലജ് സക്സേനയുടെ പന്തിൽ രേഖാഡെ ബൗൾഡാകുകയായിരുന്നു. പിന്നാലെ എം ഡി നിധീഷിന്റെ ഓഫ്സ്റ്റമ്പിന് പുറത്തുവന്ന പന്തിൽ ബാറ്റുവെച്ച ധ്രുവ് ഷോറെയെ വലത്തേയ്ക്ക് ഡൈവ് ചെയ്ത് മുഹമ്മദ് അസ്ഹറുദ്ദീൻ കൈപ്പിടിയിലാക്കി.
നേരത്തെ മൂന്നാം ദിവസം ഒടുവിൽ ഒന്നാം ഇന്നിംഗ്സിൽ കേരളം 342 റൺസിൽ എല്ലാവരും പുറത്തായിരുന്നു. വിദർഭയുടെ ഒന്നാം ഇന്നിംഗ്സിൽ 379 റൺസാണ് നേടിയത്. 37 റൺസിന്റെ ലീഡ് വഴങ്ങിയ കേരളത്തിന് ഇനി രഞ്ജി കിരീടം സ്വന്തമാക്കാൻ മത്സരം വിജയിക്കണം. സമനില ആണെങ്കിൽ വിദർഭ കിരീടം സ്വന്തമാക്കും.
Content Highlights: ranjitrophy kerala vs vidharbha