
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് മുമ്പായി ഓസ്ട്രേലിയൻ ടീമിന് വീണ്ടും തിരിച്ചടി. ഓപണിങ് ബാറ്റർ മാറ്റ് ഷോർട്ട് പരിക്കിനെ തുടർന്ന് സെമി ഫൈനൽ കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേൽക്കുന്നത്. ബാറ്റ് ചെയ്യുന്നതിനിടെയിൽ ഓടി റൺസെടുക്കാൻ ഷോർട്ട് ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. 15 പന്തിൽ 20 റൺസുമായി ഷോർട്ടിന്റെ ഇന്നിംഗ്സ് വേഗത്തിൽ അവസാനിക്കുകയും ചെയ്തു.
ബാറ്റ് ചെയ്യുന്നതിനായി ഷോർട്ട് ബുദ്ധിമുട്ടുന്നുണ്ടായിരുന്നുവെന്ന് അഫ്ഗാനെതിരായ മത്സരശേഷം ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് പറഞ്ഞു. താരം പരിക്കിൽ നിന്ന് മുക്തനാകാൻ കുറച്ച് ദിവസമെടുക്കുമെന്നാണ് സ്മിത്ത് വ്യക്തമാക്കുന്നത്.
ചാംപ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ 352 റൺസ് പിന്തുടരുമ്പോൾ മാറ്റ് ഷോർട്ട് ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം നൽകിയിരുന്നു. 66 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സറും സഹിതം ഷോർട്ട് 63 റൺസെടുത്തിരുന്നു. ചാംപ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യയോ ന്യൂസിലാൻഡോ ഓസ്ട്രേലിയയ്ക്ക് എതിരാളികളാകും. ഷോർട്ടിന്റെ അഭാവത്തിൽ ജെയ്ക് ഫ്രെയ്സർ മക്ഗർഗ് കളിക്കാനാണ് സാധ്യത.
Content Highlights: Setback For Australia Ahead Of Champions Trophy Semifinal