വിദർഭ രഞ്ജി ട്രോഫി ജേതാക്കൾ; കിരീട നേട്ടം ആറ് വർഷത്തിന് ശേഷം

ചരിത്രത്തിൽ ആദ്യമായാണ് കേരള ടീം രഞ്ജി ട്രോഫിയുടെ റണ്ണേഴ്സ് അപ്പാകുന്നത്.

dot image

രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ വിദർഭ ജേതാക്കൾ. ആറ് വർഷത്തിന് ശേഷമാണ് വിദർഭ രഞ്ജി ട്രോഫിയിൽ മുത്തമിടുന്നത്. ഫൈനലിൽ കേരളത്തിനെതിരെ സമനില നേടിയതോടെയാണ് ഒന്നാം ഇന്നിം​ഗ്സ് ലീഡിന്റെ അടിസ്ഥാനത്തിൽ വിദർഭ വീണ്ടും രഞ്ജി ട്രോഫി കിരീടം നേടുന്നത്. രഞ്ജിയിൽ വിദർഭയുടെ മൂന്നാം കിരീടമാണിത്. സ്കോർ വിദർഭ ആദ്യ ഇന്നിം​ഗ്സിൽ 379, കേരളം ആദ്യ ഇന്നിം​ഗ്സിൽ 342. വിദർഭ രണ്ടാം ഇന്നിം​ഗ്സിൽ ഒമ്പതിന് 375.

അഞ്ചാം ദിവസം രാവിലെ നാലിന് 249 എന്ന സ്കോറിൽ നിന്നാണ് വിദർഭ ബാറ്റിങ് പുനരാരംഭിച്ചത്. സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന കരുൺ നായർ 295 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം 135 റൺസെടുത്ത് കരുൺ നായർ പുറത്തായി. ആദിത്യ സർവതെയ്ക്കാണ് വിക്കറ്റ്. ഇന്ന് ദർശൻ നലകാഡെ അർധ സെഞ്ച്വറി നേടി. നലകാഡെ അർധ സെഞ്ച്വറി പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഇരുടീമിന്റെയും ക്യാപ്റ്റന്മാർ സമനിലയ്ക്ക് സമ്മതിച്ചത്.

കേരളത്തിനായി ആദിത്യ സർവതെ നാല് വിക്കറ്റുകൾ വീഴ്ത്തി. എം ഡി നിധീഷ്, ഏദൻ ആപ്പിൾ ടോം, ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ, നെടുമൻകുഴി ബേസിൽ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് കേരള ടീം രഞ്ജി ട്രോഫിയുടെ റണ്ണേഴ്സ് അപ്പാകുന്നത്.

Content Highlights: VID earns third title after draw with first-innings lead v KER

dot image
To advertise here,contact us
dot image