
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ. ഇംഗ്ലണ്ട് ടീമിന്റെ പ്രകടനം നിരാശപ്പെടുത്തുന്നു. ഏറെ മോശം പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലീഷ് ടീം നടത്തിയത്. ബെൻ ഡക്കറ്റ് നൽകിയ മികച്ച തുടക്കം ഇംഗ്ലണ്ട് ടീമിന് മുതലാക്കാൻ കഴിഞ്ഞില്ല. മുൻ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയിട്ടും വിജയങ്ങൾ ഉണ്ടാകാതിരുന്നത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചു. എങ്കിലും ക്രിക്കറ്റ് ഈ ടീമിനെ മുന്നോട്ട് നയിക്കും. ഇംഗ്ലണ്ട് ടീമിൽ മികച്ച താരങ്ങളുണ്ട്. പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിന് ഒരു പദ്ധതിയുണ്ടാവും. ഇംഗ്ലണ്ട് ടീമിനെ ശക്തമായി തിരിച്ചുവരവിന് സാധിക്കുമെന്നും ബട്ലർ മത്സരശേഷം പറഞ്ഞു.
2022ലെ ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇംഗ്ലണ്ട് ടീമിന്റെ നായകനായിരുന്നു ഞാൻ. അതാണ് എന്റെ ക്യാപ്റ്റൻസി കാലഘട്ടത്തിൽ ഏറ്റവും മികച്ച സമയം. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ജോ റൂട്ട് ഒരുപാട് മികച്ച പ്രകടനങ്ങൾ നടത്തി. ജോയുടെ പാത പിന്തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇംഗ്ലണ്ടിനായി ഇനിയും മികച്ച പ്രകടനങ്ങൾ നടത്താൻ കഴിയുമെന്നും ബട്ലർ വ്യക്തമാക്കി.
ചാംപ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് വിക്കറ്റിന്റെ പരാജയമാണ് ഇംഗ്ലണ്ട് നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിര 38.2 ഓവറിൽ 179 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്ക 29.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇതോടെ ചാംപ്യൻസ് ട്രോഫിയിലെ മൂന്ന് മത്സരങ്ങളിലും ഇംഗ്ലീഷ് ടീം പരാജയപ്പെട്ടു. സമീപകാലത്തെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ട് ടീമിന്റെ നായകസ്ഥാനത്ത് നിന്നും ജോസ് ബട്ലർ രാജിവെച്ചിരുന്നു. ഇംഗ്ലീഷ് നായകനായുള്ള അവസാന മത്സരത്തിലും പരാജയപ്പെടാനായിരുന്നു ബട്ലറിന്റെ വിധി.
Content Highlights: We are not getting the results and that takes away the confidence from us says Buttler