
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ബാറ്റിങ് ഓഡറിൽ സ്ഥാനക്കയറ്റം നൽകുന്നത് ആത്മവിശ്വാസം നൽകുന്നുവെന്ന് ഓൾറൗണ്ടർ അക്സർ പട്ടേൽ. അവസരം ലഭിക്കുമ്പോൾ സാഹചര്യങ്ങൾക്ക് അനുസരിച്ച് ബാറ്റ് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. എന്നാൽ ഇപ്പോൾ ആ രീതിയ്ക്ക് മാറ്റം വന്നു. എട്ടാം നമ്പറിൽ വരുമ്പോൾ വേഗത്തിൽ റൺസെടുക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. എന്നാൽ ഇപ്പോൾ എനിക്ക് ശേഷം കൂടുതൽ ബാറ്റർമാർ കളിക്കാനുണ്ട്. അതുകൊണ്ട് ആത്മവിശ്വാസത്തോടെ റൺസ് നേടാൻ എനിക്ക് കഴിയുന്നു. അക്സർ പട്ടേൽ പറഞ്ഞു.
ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ നിർണായക പ്രകടനമാണ് അക്സർ പട്ടേൽ നടത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു ഘട്ടത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 30 റൺസെന്ന നിലയിലായിരുന്നു. ശ്രേയസ് അയ്യരിനൊപ്പം നാലാം വിക്കറ്റിൽ അക്സർ 98 റൺസ് കൂട്ടിച്ചേർത്തു. 61 പന്തിൽ മൂന്ന് ഫോറും ഒരു സിക്സറും സഹിതം 41 റൺസായിരുന്നു അക്സറിന്റെ സംഭാവന. ന്യൂസിലാൻഡിനായി നന്നായി കളിച്ച കെയിൻ വില്യംസണിന്റെ വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും അക്സർ തിളങ്ങി.
ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ഇന്ത്യ 44 റൺസിന് വിജയിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തിട്ടുണ്ട്. മറുപടി പറഞ്ഞ ന്യൂസിലാൻഡ് 45.3 ഓവറിൽ 205 റൺസിൽ ഓൾ ഔട്ടായി. ഇതോടെ ചാംപ്യൻസ് ട്രോഫിയുടെ സെമി ലൈനപ്പും വ്യക്തമായി. നാളെ നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. മറ്റെന്നാൾ ന്യൂസിലാൻഡ് ദക്ഷിണാഫ്രിക്ക പോരാട്ടമാണ്.
Content Highlights: Axar Patel says promoted batting role boosts confidence