
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനെ വിമർശിച്ച് മുൻ ഇതിഹാസം വിവിയൻ റിച്ചാർഡ്സ്. ക്രിക്കറ്റിൽ പുതിയ ശക്തികളായി മാറുന്ന അഫ്ഗാനിസ്ഥാൻ ടീമിനെ വെസ്റ്റ് ഇൻഡീസ് ടീം കണ്ടുപഠിക്കണമെന്നാണ് ഇതിഹാസ താരത്തിന്റെ അഭിപ്രായം. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റെന്ന പുസ്തകത്തിൽ നിന്നും ഒരു പേജ് എങ്കിലും വെസ്റ്റ് ഇൻഡീസ് വായിക്കുമെന്ന് ഞാൻ കരുതുന്നു. ക്രിക്കറ്റിൽ വലിയ ആവേശവും ഊർജ്ജവുമാണ് അഫ്ഗാനുള്ളത്. അവർ കുറച്ച് കാലമായി മാത്രമാണ് ക്രിക്കറ്റ് കളിക്കുന്നത്. ലോകത്തിലെ ക്രിക്കറ്റ് ടീമുകൾ അഫ്ഗാന്റെ പോരാട്ടവീര്യം കണ്ടുപഠിക്കണം. വിവിയൻ റിച്ചാർഡ്സ് എൻ ഡി ടി വിയിൽ പറഞ്ഞു.
ഓരോ വർഷം പിന്നിടുമ്പോഴും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിൽ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ അഫ്ഗാനിസ്ഥാൻ ചാംപ്യൻസ് ട്രോഫി കളിക്കുന്നു. എന്നാൽ വെസ്റ്റ് ഇൻഡീസ് ഈ ടൂർണമെന്റിനില്ല. ഇത് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ചെയ്യുന്നത് പലതും ശരിയാണെന്ന് തെളിയിക്കുന്നു. റിച്ചാർഡ്സ് വ്യക്തമാക്കി.
ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ടിനെതിരെ വിജയം നേടി. അവസാന മത്സരത്തിൽ ഓസ്ട്രേലിയയുമായുള്ള മത്സരം മഴയെടുത്തതോടെ അഫ്ഗാൻ ചാംപ്യൻസ് ട്രോഫി സെമി കാണാതെ പുറത്തായി. 2024ലെ ട്വന്റി 20 ലോകകപ്പിൽ അഫ്ഗാൻ സെമി കളിച്ചിരുന്നു. 2023 ഏകദിന ലോകകപ്പിലും നിർണായക പ്രകടനത്തോടെ ആറാം സ്ഥാനത്തെത്താൻ അഫ്ഗാന് കഴിഞ്ഞിരുന്നു.
Content Highlights: Vivian Richards praises Afghanistan Cricket