
ഓസ്‌ട്രേലിയയ്‌ക്കെതിരായ ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ എല്ലാ സമ്മര്‍ദ്ദവും ഇന്ത്യയ്ക്ക് മേലാണുള്ളതെന്ന് മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബ്രാഡ് ഹാഡിന്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി ടീമിന് പ്രതീക്ഷിച്ച വിജയമോ കളി ശൈലിയോ ലഭിച്ചിട്ടില്ലെന്ന് ഹാഡിന്‍ ചൂണ്ടിക്കാട്ടി. ദുബായ് പിച്ചുള്‍പ്പെടെ എല്ലാ സാഹചര്യങ്ങളും ഇന്ത്യയ്ക്ക് കൂടുതല്‍ അനുകൂലമാണെങ്കിലും നോക്കൗട്ട് പോലുള്ള അഭിമാന പോരാട്ടത്തില്‍ ഓസ്‌ട്രേലിയ വിജയിക്കുമെന്നും ഹാഡിന്‍ പറഞ്ഞു.
"India are in the unique position that they've played every game at the same venue, there is no grass in the square, it is dry. It suits India and I just think all the pressure is on them," Brad Haddin said.#CT25 #INDvAUS #TeamIndia #Australia https://t.co/Ne2XOn1bkb
— Circle of Cricket (@circleofcricket) March 4, 2025
'എല്ലാ മത്സരങ്ങളും ഒരേ വേദിയിലാണ് കളിച്ചതെന്ന പ്രത്യേകത ഇന്ത്യയ്ക്കുണ്ട്. സ്‌ക്വയറില്‍ പുല്ലില്ല, വരണ്ടതാണ്. അതും ഇന്ത്യയ്ക്ക് അനുയോജ്യമാണ്. രോഹിത് ശര്‍മയും സംഘവും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. പക്ഷേ നോക്കൗട്ട് പോലുള്ള അഭിമാനപോരാട്ടങ്ങളില്‍ ഓസ്‌ട്രേലിയ വിജയിക്കാനാണ് ശ്രമിക്കുക. ഓസ്‌ട്രേലിയയ്ക്ക് മേല്‍ ഒരു സമ്മര്‍ദ്ദവുമില്ലെന്ന് ഞാന്‍ കരുതുന്നു. ഈ സാഹചര്യങ്ങളില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു', ഹാഡിന്‍ പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'ഗൗതം ഗംഭീര്‍ ചുമതലയേറ്റതിനുശേഷം ഇന്ത്യ കളിച്ച രീതി പരിഗണിച്ചാല്‍ അവരുടെ മേല്‍ വളരെയധികം സമ്മര്‍ദ്ദമുണ്ടെന്ന് ഞാന്‍ കരുതുന്നു. കഴിഞ്ഞ ആറ് മാസമായി അവര്‍ക്ക് ആകര്‍ഷകമായ വിജയമോ കളിയുടെ ശൈലിയോ ലഭിച്ചിട്ടില്ല. അതിനാല്‍ ഫൈനല്‍ കളിക്കാന്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശരിയാണെന്ന് ഞാന്‍ കരുതുന്നു. അവര്‍ ഫൈനലില്‍ എത്തിയില്ലെങ്കില്‍ വലിയ പ്രതികരണമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു', ഹാഡിന്‍ കൂട്ടിച്ചേര്‍ത്തു.
ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ന് ഓസ്ട്രേലിയയെ നേരിടാനിറങ്ങുകയാണ് ഇന്ത്യ. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ടോസ് വീഴും. അപരാജിതരായാണ് രോഹിത് ശര്‍മയും സംഘവും സെമിയിലെത്തിയത്. 2023 ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ഇന്ത്യ പകരംവീട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlights: All the pressure on India in semi-final clash, none on Australia: Brad Haddin