നോമ്പ് എടുക്കാതെ ഗ്രൗണ്ടില്‍ വെള്ളം കുടിച്ചു, വന്‍ സൈബര്‍ ആക്രമണം; ഷമിയെ പിന്തുണച്ച് ആരാധകര്‍

ഓസ്‌ട്രേലിയയ്‌ക്കെതിരെ മിന്നും പ്രകടനമാണ് ഷമി കാഴ്ച വെച്ചത്

dot image

ഓസ്‌ട്രേലിയയ്‌ക്കെതിരായ ചാംപ്യന്‍സ് ട്രോഫി സെമി ഫൈനല്‍ പോരാട്ടം പുരോഗമിക്കുന്നതിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ വന്‍ സൈബര്‍ ആക്രമണം. റമദാന്‍ നോമ്പിന്റെ സമയത്തും ഷമി ഗ്രൗണ്ടില്‍ വെള്ളം കുടിച്ചതാണ് സോഷ്യല്‍ മീഡിയയിലെ ആക്രമണത്തിന് കാരണമായത്. എന്നാല്‍ രാജ്യത്തിന് വേണ്ടി കളിക്കുന്നതിന് മുന്‍ഗണന നല്‍കിയ ഷമിയെ പിന്തുണച്ചും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്തെത്തുന്നുണ്ട്.

ഓസീസ് ബാറ്റിങ്ങിനിടെ ബൗണ്ടറിക്കരികില്‍ നിന്ന് ഷമി വെള്ളം കുടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ് ചിലരെ ചൊടിപ്പിച്ചത്. മുസ്ലീമായിട്ടും ഈ സമയത്ത് ഷമി ഇങ്ങനെ ചെയ്തത് തെറ്റായെന്നും ചെയ്ത പ്രവൃത്തിക്ക് മാപ്പുപറയണമെന്നും പറഞ്ഞ് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. റമദാന്‍ വ്രതമെടുത്തുനില്‍ക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹാഷിം അംല നടത്തിയ മികച്ച പ്രകടനവും ചിലര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

അതേസമയം ഷമിയെ പിന്തുണച്ചും ആരാധകര്‍ രംഗത്തെത്തി. രാജ്യത്തിന് വേണ്ടി കളിക്കുകയെന്നതിന് മുന്‍ഗണന നല്‍കിയതാണ് ഷമിയെ ആരാധകര്‍ പ്രശംസിക്കുന്നത്. റമദാന്‍ ആഘോഷിക്കുന്നതിനേക്കാള്‍ പ്രാധാന്യം രാജ്യസ്‌നേഹത്തിന് നല്‍കുകയാണ് ഷമി ചെയ്യുന്നതെന്നും ആരാധകര്‍ പറയുന്നു.

അതേസമയം ഓസ്‌ട്രേലിയയ്‌ക്കെതിരെ മിന്നും പ്രകടനമാണ് ഷമി കാഴ്ച വെച്ചത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റിങ്ങിനിറങ്ങിയതായിരുന്നു. മത്സരത്തില്‍ 49.3 ഓവറില്‍ 265 റണ്‍സിന് ഓസ്‌ട്രേലിയ ഓള്‍ഔട്ടാവുകയായിരുന്നു. ഓസീസിന്റെ നിര്‍ണായകമായ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമിയാണ് ഇന്ത്യന്‍ ബോളിങ്ങില്‍ തിളങ്ങിയത്.

Content Highlights: Cyber attack against Mohammed Shami During IND vs AUS SemiFinals

dot image
To advertise here,contact us
dot image