മുംബൈയുടെ ക്രിക്കറ്റ് ഇതിഹാസം പദ്മാകര്‍ ശിവാല്‍കര്‍ അന്തരിച്ചു

രഞ്ജി ട്രോഫിയിൽ മുംബൈയുടെ തുടര്‍ച്ചയായ 15 കിരീടനേട്ടങ്ങളുടെ മുഖ്യ ശിൽപികളിൽ ഒരാളായിരുന്നു ശിവാല്‍കര്‍

dot image

മുംബൈ ഇതിഹാസ സ്പിന്നര്‍ പദ്മാകര്‍ ശിവാല്‍കര്‍ അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മുംബൈയിലായിരുന്നു മരണം.

ഇന്ത്യന്‍ ടീമില്‍ അവസരം കിട്ടാതെ പോയ ഏറ്റവും പ്രതിഭയുള്ള സ്പിന്നര്‍ എന്നു വിലയിരുത്തപ്പെട്ട താരമായിരുന്നു പദ്മാകര്‍ ശിവാല്‍കര്‍. 1961-62 മുതൽ 1987-88 വരെ കളിച്ച അദ്ദേഹം 124 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നു 589 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

രഞ്ജി ട്രോഫിയിൽ മുംബൈയുടെ തുടര്‍ച്ചയായ 15 കിരീടനേട്ടങ്ങളുടെ മുഖ്യ ശിൽപികളിൽ ഒരാളായിരുന്നു ശിവാല്‍കര്‍. ഇടം കൈയന്‍ സ്പിന്നറായ അദ്ദേഹം 22-ാം വയസിലാണ് രഞ്ജി ട്രോഫിയില്‍ മുംബൈക്കായി അരങ്ങേറിയത്. രഞ്ജിയില്‍ 48 മത്സരങ്ങളില്‍ നിന്നു 361 വിക്കറ്റുകള്‍ വീഴ്ത്തി. 11 തവണ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. പദ്മാകര്‍ ശിവാല്‍കര്‍ 12 ലിസ്റ്റ് എ പോരാട്ടത്തില്‍ നിന്നു 16 വിക്കറ്റുകള്‍ സ്വന്തമാക്കി.

2017ല്‍ സമഗ്ര സംഭാവനയ്ക്കുള്ള സികെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ബിസിസിഐ ആദരിച്ചിട്ടുണ്ട്. വാങ്കഡെ സ്റ്റേഡിയത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അദ്ദേഹത്തെ ആദരിച്ചപ്പോഴാണ് അദ്ദേഹം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.

Content Highlights: Mumbai cricket great Padmakar Shivalkar passes away aged 84

dot image
To advertise here,contact us
dot image