
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടാൻ ഒരുങ്ങുകയാണ്. ഇത് നാലാം തവണയാണ് രോഹിത് ശർമ നായകനാകുന്ന ഇന്ത്യൻ ടീം ഐസിസി ടൂർണമെന്റിന്റെ സെമി ഫൈനൽ കളിക്കുന്നത്. മുമ്പ് മൂന്ന് തവണ രോഹിത് ശർമയുടെ ഇന്ത്യൻ ടീം സെമി കളിച്ചു. ഇതിൽ രണ്ടിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിച്ചു. ഒരു തവണ കിരീടം നേടി.
2022 ട്വന്റി 20 ലോകകപ്പിലാണ് രോഹിത്തിന്റെ ടീം ആദ്യമായി സെമിയിൽ കടന്നത്. എന്നാൽ അന്ന് ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന്റെ പരാജയമായിരുന്നു ഇന്ത്യൻ ടീമിന്റെ ഫലം. പിന്നാലെ 2023 ഏകദിന ലോകകപ്പിൽ രോഹിത് ശർമ ഇന്ത്യയെ സെമിയും കടന്ന് ഫൈനൽ കളിപ്പിച്ചു. പരാജയമറിയാതെ ഫൈനൽ വരെയെത്തിയ ഇന്ത്യൻ ടീം പക്ഷേ കലാശപ്പോരിൽ ഓസീസിന് മുമ്പിൽ വീണു.
2024 ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ഐസിസി കിരീടവരൾച്ചയ്ക്ക് അവസാനമിട്ടു. ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ലോകകിരീടം ചൂടി. വീണ്ടുമൊരിക്കൽ കൂടി രോഹിത് ശർമയുടെ ഇന്ത്യൻ ടീം ഐസിസി ടൂർണമെന്റിന്റെ സെമി കളിക്കുകയാണ്. ഇത്തവണ മത്സരഫലം എന്താകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഒരുപക്ഷേ ഇത് രോഹിത് ശർമയുടെ അവസാന ഐസിസി ടൂർണമെന്റാകും.
Content Highlights: Rohit Sharma will be leading India in the 4th Semi Final of an ICC event