
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരായ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി മുൻ താരം സുനിൽ ഗവാസ്കർ. ഞാൻ മുമ്പെ പറഞ്ഞിട്ടുണ്ട്, മെലിഞ്ഞവരെ തിരഞ്ഞെടുക്കാൻ ക്രിക്കറ്റ് സൗന്ദര്യ മത്സരമല്ല. എത്രത്തോളം മികച്ച രീതിയിൽ കളിക്കാൻ കഴിയുമെന്നത് അടിസ്ഥാനമാക്കിയാണ് ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. സർഫറാസ് ഖാന്റെ കാര്യത്തിൽ ഇക്കാര്യം മുമ്പ് ചർച്ച ചെയ്തതാണ്. അമിതഭാരമെന്ന് പറഞ്ഞ് സർഫറാസ് ഒരുപാട് കാലം ഇന്ത്യൻ ക്രിക്കറ്റിന് പുറത്തായിരുന്നു. എന്നാൽ ഒരു മത്സരത്തിൽ 150ലധികം റൺസ് നേടിയപ്പോഴും പിന്നീട് അർധ സെഞ്ച്വറികൾ അടിച്ചപ്പോഴും സർഫറാസിനെ ആരും വിമർശിച്ചില്ല. ബാറ്റുകൊണ്ട് മികച്ച പ്രകടനം നടത്തുകയാണ് ക്രിക്കറ്റിൽ പ്രധാനകാര്യം. ഗവാസ്കർ ഇന്ത്യ ടുഡെയോട് പ്രതികരിച്ചു.
രോഹിത് കായിക താരത്തിന് ചേരാത്ത വിധത്തിൽ അമിത ഭാരമുള്ളവനാണെന്നും ഇന്ത്യ കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റന്മാരിൽ ഒരാളാണെന്നുമായിരുന്നു ഷമ മുഹമ്മദിന്റെ വിമർശനം. രോഹിത് ശർമ ശരീരഭാരം കുറയ്ക്കേണ്ടതുണ്ടെന്നും എക്സ് പോസ്റ്റിൽ പ്രതികരിച്ചു. മുൻകാലത്തെ ഇന്ത്യൻ താരങ്ങളായ സൗരവ് ഗാംഗുലി, സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, കപിൽ ദേവ് തുടങ്ങിയവരുമായി താരതമ്യപ്പെടുത്തുമ്പോൾ രോഹിത് ശർമയുടെ ലോകോത്തര നിലവാരം എന്താണെന്നായിരുന്നു ഷമയുടെ മറ്റൊരു ചോദ്യം.
ട്വീറ്റുകൾ വിവാദമായതോടെ ഷമയുടെ പ്രസ്താവനയെ തള്ളി കോൺഗ്രസ് രംഗത്തെത്തി. ഷമ പറഞ്ഞത് പാർട്ടിയുടെ അഭിപ്രായമല്ലെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. ഇത്തരം പ്രസ്താവനകളെ കോൺഗ്രസ് ഒരിക്കലും അംഗീകരിക്കില്ല. പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും പവൻ ഖേര വ്യക്തമാക്കി. ഇതിനു പിന്നാലെ വിവാദമായ ട്വീറ്റുകൾ ഷമ മുഹമ്മദ് ഡിലീറ്റ് ചെയ്തു.
Content Highlights: Sunil Gavaskar On Rohit Sharma Fat-Shaming Row