
ഓസീസിനെ തോൽപ്പിച്ച് ഇന്ത്യ ചാംപ്യൻസ് ട്രോഫി ഫൈനലിലെത്തിയതിന് പിന്നാലെ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മാർച്ച് 9 ന് നടക്കാനിരിക്കുന്ന ഫൈനൽ പോരാട്ടത്തിന്റെ ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. 12 വിഭാഗങ്ങളിലുള്ള ടിക്കറ്റുകളാണ് വിൽപ്പനയ്‌ക്കെത്തിയിരുന്നത്. ഇതിൽ മൂന്ന് ലക്ഷം രൂപ വരെയുള്ള ടിക്കറ്റുകൾ പോലും മിനിറ്റുകൾക്കകം വിറ്റഴിഞ്ഞതായി അധികൃതർ പറഞ്ഞു.
ബംഗ്ലാദേശിനും ന്യൂസിലാൻഡിനുമെതിരായ മത്സരങ്ങൾ ഒഴികെ, പാകിസ്താനെയും ഓസ്ട്രേലിയയ്ക്കുമെതിരായ ഇന്ത്യയുടെ മത്സരങ്ങളിൽ സ്റ്റേഡിയം ഏതാണ്ട് നിറഞ്ഞിരുന്നു. ഇന്ത്യ ഫൈനലിലെത്തിയതോടെയാണ് ഫൈനൽ വേദി ദുബായിലാണെന്ന് ഉറപ്പിച്ചത്. ആഭ്യന്തര പ്രശ്നങ്ങൾ കാരണം ഇന്ത്യ ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് പാകിസ്താനിൽ കളിക്കുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇതോടെ ഇന്ത്യയുടെ നോക്ക്ഔട്ട് മാച്ചുകളും ദുബായിലായി. ഫൈനലിൽ ഇന്ത്യ ഇല്ലെങ്കിൽ ലാഹോറിലാണ് ഫൈനൽ നടത്താൻ പിസിബി തീരുമാനിച്ചിരുന്നത്.
Content Highlights: champions trophy final tickets sold out