
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ രോഹിത് ശർമ ഇനി എത്രകാലം കളിക്കുമെന്ന ചോദ്യത്തിന് മറുപടിയുമായി മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സെമി ഫൈനൽ വിജയത്തിന് പിന്നാലെയാണ് ഗംഭീർ മാധ്യമങ്ങളെ കണ്ടത്. നോക്കൂ, ചാംപ്യൻസ് ട്രോഫി ഫൈനൽ വരികയാണ്. അതിന് മുമ്പായി രോഹിത് ശർമയുടെ കാര്യത്തിൽ എനിക്ക് എന്ത് പറയാൻ കഴിയും. ഇന്ത്യൻ ക്യാപ്റ്റൻ ഇത്ര മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയാണെങ്കിൽ അത് ഡ്രെസ്സിങ് റൂം അന്തരീക്ഷം മികച്ചതാക്കുന്നു. നിങ്ങൾ രോഹിത് എത്ര റൺസ് അടിച്ചെന്നാണ് നോക്കുന്നത്. എന്നാൽ ഇന്ത്യൻ ടീം നോക്കുന്നത് രോഹിത് ഇന്ത്യൻ ടീമിൽ സൃഷ്ടിക്കുന്ന ഇംപാക്ട് ആണ്. അതാണ് വ്യത്യാസം. ഗംഭീർ മത്സരശേഷം പ്രതികരിച്ചു.
മാധ്യമപ്രവർത്തകർ, ക്രിക്കറ്റ് വിദഗ്ധർ എല്ലാവരും നമ്പറാണ് നോക്കുന്നത്. എന്നാൽ ഇന്ത്യൻ ടീം പരിശീലകനും ടീമിലെ താരങ്ങൾക്കും നമ്പറിലേക്കോ ശരാശരിയിലേക്കോ നോക്കേണ്ടതില്ല. ടീമിന്റെ ആവശ്യങ്ങളിൽ ആദ്യം മുന്നോട്ടുവരുന്നത് ക്യാപ്റ്റനാണെങ്കിൽ അതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ലെന്നും ഗംഭീർ വ്യക്തമാക്കി.
ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനലിൽ കടന്നിരിക്കുകയാണ്. സെമിയിൽ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറിൽ 264 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 48.1 ഓവറിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 84 റൺസെടുത്ത വിരാട് കോഹ്‍ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്ക-ന്യൂസിലാൻഡ് സെമി ഫൈനൽ വിജയികളെ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ നേരിടും.
Content Highlights: Gautam Gambhir Gives Fiery Reply on Rohit's future