
ചാംപ്യൻസ് ട്രോഫിയിൽ കളിച്ച നാല് മത്സരങ്ങളും ജയിച്ച ആധിപത്യത്തോടെയാണ് ഇന്ത്യ ന്യൂസിലാൻഡിനെ ഫൈനലിൽ നേരിടാനൊരുങ്ങുന്നത്. എന്നാൽ നിരവധി റെക്കോർഡുകളുമായി ഇന്ത്യ ഫൈനൽ പ്രവേശിച്ചിട്ടും താൻ ഇപ്പോഴും തികഞ്ഞ കളിക്കായി കാത്തിരിക്കുകയാണെന്ന് പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞു. 'ഇന്ത്യയുടെ താരങ്ങളുടെ കപ്പാസിറ്റി വളരെയധികമാണ്. അങ്ങനെ നോക്കുമ്പോൾ ടീമെന്ന നിലയിൽ ഇനിയും ഒരുപാട് മുന്നേറാൻ കഴിയും. മാർച് ഒമ്പതിന് ദുബായിയിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ ഫുൾ വേർഷൻ പ്രകടനം കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു', ഗംഭീർ പറഞ്ഞു.
'നമുക്ക് ഇനിയും ഒരു മത്സരം കൂടി ബാക്കിയുണ്ട്. നമുക്ക് മികച്ചൊരു കളി കളിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. ഞങ്ങൾ തുടർന്നും മെച്ചപ്പെടാൻ ആഗ്രഹിക്കുന്നു, ക്രിക്കറ്റ് മൈതാനത്ത് ക്രൂരത കാണിക്കാനും എന്നാൽ കളത്തിന് പുറത്തും തികച്ചും വിനയാന്വിതരാകാനും ഞങ്ങൾ ആഗ്രഹിക്കുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് സ്പിന്നർമാരെ കളിപ്പിക്കുക, അക്സർ പട്ടേലിനെ അഞ്ചാം സ്ഥാനത്തേക്ക് ഉയർത്തുക, ടീമിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായി കെ എൽ രാഹുലിനെ ആറാം സ്ഥാനത്തേക്ക് താഴ്ത്തുക തുടങ്ങിയ ചില ധീരമായ തീരുമാനങ്ങൾ ഗംഭീറിന് കീഴിൽ ഇന്ത്യ സ്വീകരിച്ചിരുന്നു. ഇതിനെപ്പറ്റിയും ഗംഭീർ മനസ്സ് തുറന്നു. 'പുറത്തുനിന്ന് നോക്കുമ്പോൾ അത് യുക്തിരഹിതമായി തോന്നിയേക്കാം, പക്ഷേ കളിക്കാരെ കംഫർട്ട് സോണിന് പുറത്ത് നിർത്താനും അവരിൽ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാനും അത് കൊണ്ട് സാധിക്കും', ഗംഭീർ പറഞ്ഞു.
Content Highlights: Gautam Gambhir Not Satisfied Despite India's Progression To Champions Trophy Final