
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലിലെത്തിയതിന് പിന്നാലെ ബിസിസിഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് മുന്‍ താരം നവ്‌ജോത് സിങ് സിദ്ദു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിനെ വര്‍ഷങ്ങളായി പ്ലേയിങ് ഇലവനില്‍ തെറ്റായ രീതിയില്‍ ഉപയോഗിച്ചെന്നാണ് നവ്‌ജോത് സിങ് സിദ്ദു ആരോപിക്കുന്നത്.
നിലവില്‍ വിക്കറ്റ് കീപ്പര്‍, ഏകദിനങ്ങളില്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാന്‍, ടെസ്റ്റില്‍ ടോപ്പ് ഓര്‍ഡര്‍ ബാറ്റ്സ്മാന്‍, ടി20 ടീമില്‍ ഇല്ല എന്ന അവസ്ഥയിലാണ് രാഹുല്‍ ഉള്ളത്. ടോപ്പ് ഓര്‍ഡര്‍ ബാറ്ററായി അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ച രാഹുല്‍ പിന്നീട് കുറച്ചുകാലം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മധ്യനിരയിലേക്ക് മാറി. തുടര്‍ന്ന് വീണ്ടും ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നേടി ഓപണറായി. വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയെങ്കിലും രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്കൊപ്പം ടോപ്പ് ഓര്‍ഡറില്‍ ഇടം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഓപണറായി ഇറങ്ങിയ രാഹുല്‍ വെടിക്കെട്ട് പ്രകടനം കാഴ്ച വെക്കുകയും ചെയ്തു.
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായ രാഹുല്‍ ബാറ്റിങ്ങില്‍ നിര്‍ണായക പ്രകടനം കാഴ്ച വെക്കുന്നുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനല്‍ പോരാട്ടത്തില്‍ സിക്‌സടിച്ച് ഇന്ത്യയുടെ വിജയറണ്‍ കുറിച്ചതും രാഹുലാണ്. മത്സരത്തിന് പിന്നാലെ കെ എല്‍ രാഹുലിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു നവ്‌ജോത് സിങ് സിദ്ദു.
'കെ എല്‍ രാഹുലിന്റെ കാര്യം പറയുമ്പോള്‍ സ്‌പെയര്‍ ടയര്‍ പോലും അദ്ദേഹത്തിന്റെ അത്രയും ഉപയോഗിക്കാറില്ല. വിക്കറ്റ് കീപ്പറായും ആറാം നമ്പറായും ഓപണറായും കളിക്കണം. ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര വരുമ്പോള്‍ മൂന്നാം നമ്പറായും കളിക്കണം. പിന്നെ ടെസ്റ്റില്‍ ചിലപ്പോള്‍ ഓപണറായും കളിക്കണം. ഒരു കാര്യം ഞാന്‍ പറയാം. ഏകദിനങ്ങളില്‍ ഓപണറാകുക എന്നതാണ് ഏറ്റവും എളുപ്പം. എന്നാല്‍ ടെസ്റ്റില്‍ ഓപണ്‍ ചെയ്യുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ളത്. അദ്ദേഹം നിസ്വാര്‍ത്ഥനായ ഒരു കളിക്കാരനാണ്,'' നവ്‌ജ്യോത് സിങ് സിദ്ദു പറഞ്ഞു.
"He is the most selfless cricketer"🗣️ #NavjotSinghSidhu appreciates the Adaptability & Flexibility that #KLRahul has shown, after he scored the winning runs for 🇮🇳 in the Semi finals vs Australia.
— Star Sports (@StarSportsIndia) March 5, 2025
Can he score the winning runs again in the finals for #TeamIndia?… pic.twitter.com/4DyIEuFxOK
ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനലില്‍ ഇന്ത്യയുടെ 265 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതില്‍ രാഹുല്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 34 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ രാഹുല്‍ ദുബായില്‍ തന്റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ 3000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടു. താരത്തിന്റെ കിടിലന്‍ ഫിനിഷില്‍ ഇന്ത്യ നാല് വിക്കറ്റിന് ഓസ്‌ട്രേലിയയെ തകര്‍ത്ത് ഫൈനലില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
Content Highlights: India's Champions Trophy 2025 Semi-Final Hero Used 'More Than Spare Tyre' By Team Management: Navjot Sidhu