
ഗൗതം ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വിട്ടുപോയതായി തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്ന് ടീം ഉടമയും ബോളിവുഡ് സൂപ്പർസ്റ്റാറുമായ ഷാരൂഖ് ഖാൻ. കൊൽക്കത്ത ചാംപ്യന്മാരായ 2024 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലായിരുന്നു ടീം മെന്ററായി ഗംഭീർ കെകെആറിലേക്ക് തിരിച്ചെത്തിയത്. 2024 ഐപിഎല്‍ സീസണിന് ശേഷം ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായി നിയമിക്കപ്പെട്ട ഗംഭീർ കൊൽക്കത്ത വിടുകയായിരുന്നു.
ഇപ്പോൾ ഗംഭീറിന്റെ തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുകയാണ് ടീം ഉടമ ഷാരൂഖ് ഖാൻ. കിരീടം നേടിയ സീസണിന് മുൻപും ഗംഭീർ കൊൽക്കത്തയ്ക്ക് ഒപ്പമില്ലായിരുന്നെന്ന തോന്നൽ ഒരിക്കൽ പോലുമുണ്ടായിരുന്നില്ലെന്നാണ് ഷാരൂഖ് പറയുന്നത്. ജിയോ ഹോട്ട്സ്റ്റാറിന്റെ പവർപ്ലേ എന്ന ഷോയിലായിരുന്നു സംസാരിക്കുകയായിരുന്നു ഷാരൂഖ്.
“I never thought Gautam Gambhir left us. There has always been a lovely relationship with Gautam over the years. There are a few players with whom friendships remain strong, and Gautam Gambhir is one of them.”
— KKR Karavan (@KkrKaravan) March 7, 2025
- Shah Rukh Khan 🎙️ pic.twitter.com/XIgJzvaGg7
'ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത വിട്ടുപോയെന്ന് ഒരിക്കലും തോന്നിയിട്ടില്ല. അദ്ദേഹവുമായി വര്‍ഷങ്ങള്‍ നീണ്ട മികച്ച ബന്ധമാണുള്ളത്. കുറച്ച് കളിക്കാരുമായി മാത്രമാണ് എനിക്ക് ശക്തമായ സൗഹൃദങ്ങളുള്ളത്. ഗൗതം ഗംഭീര്‍ അവരിലൊരാളാണ്. കൊല്‍ക്കത്തയിലേക്കുള്ള തിരിച്ചുവരവ് അദ്ദേഹത്തിന് വലിയ 'ഹോം കമിങ്' ആയിരുന്നു', ഷാരൂഖ് പറഞ്ഞു.
'ഗൗതം ഗംഭീര്‍ കൊല്‍ക്കത്തയ്ക്കൊപ്പം ഇല്ലാതിരുന്ന സമയങ്ങളില്‍ ടീമിന്റെ ഘടനയിലും പ്രകടനത്തിലും ഒരു ശൂന്യത അവശേഷിക്കുന്നത് പോലെ തോന്നി. ആ ഘട്ടത്തില്‍ ടീമിന് ദിശാബോധം നഷ്ടപ്പെട്ടതുപോലെയും പരിഭ്രാന്തി ഉടലെടുക്കുകയും ചെയ്തു. കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ലെന്ന് എല്ലാവര്‍ക്കും തന്നെ മനസ്സിലായിട്ടുണ്ടാവും. ഗൗതം വീണ്ടും കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയിരുന്ന സമയത്ത്, ഗൗതം ഗംഭീര്‍ പോയതിന് ശേഷം കെകെആറിന് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം ഗൗതം ഗംഭീറിന്റെ തിരിച്ചുവരവാണെന്ന് ഞാന്‍ ട്വീറ്റ് ചെയ്തത് ഓര്‍ക്കുന്നു', ഷാരൂഖ് കൂട്ടിച്ചേർത്തു.
ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസിയുടെ ചരിത്രത്തില്‍ തന്നെ പ്രധാന അധ്യായമാണ് ഗൗതം ഗംഭീർ. കൊല്‍ക്കത്ത മൂന്ന് തവണ ഐപിഎല്‍ കിരീടം ഉയർത്തിയതും ഗംഭീറിന്‍റെ സാന്നിധ്യത്തിലായിരുന്നു. 2012ലും 2014ലും ഗംഭീർ നായകനായ കൊല്‍ക്കത്ത ടീമാണ് ഐപിഎല്‍ ചാംപ്യന്മാരായത്. പത്ത് വർഷത്തിന് ശേഷം മെന്‍ററായുള്ള ഗംഭീറിന്‍റെ തിരിച്ചുവരവില്‍ കെകെആർ തങ്ങളുടെ മൂന്നാം ഐപിഎല്‍ കിരീടം ഉയർത്തുകയും ചെയ്തു.
Content Highlights: 'Never thought he left us': Shah Rukh Khan on Gautam Gambhir's KKR return