
ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നാളെ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടുമ്പോൾ ക്രിക്കറ്റ് ലോകം ഒരു ആവേശകരമായ പോരാട്ടത്തിനാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചാംപ്യൻസ് ട്രോഫി ഫൈനൽ പോരാട്ടത്തിന് തയ്യാറാക്കിയ പിച്ചിനെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാകിസ്താൻ മത്സരം നടന്ന അതേ പിച്ച് തന്നെയാണ് കിരീടപ്പോരാട്ടത്തിനും ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആകെയുള്ള ഏഴ് പിച്ചുകളില്‍ ഏറ്റവും മധ്യത്തിലുള്ളതാണ് ഇന്ത്യ-പാക് മത്സരത്തിന് ഉപയോഗിച്ചത്.
ഉപയോഗിച്ച പിച്ചിൽ മത്സരം വീണ്ടും നടത്താൻ രണ്ടാഴ്ചത്തെ ഇടവേള വേണമെന്നാണ് ദുബായ് ഇന്‍റർ നാഷണൽ സ്റ്റേഡിയത്തിലെ ചട്ടം. ഇതനുസരിച്ച് ഇന്ത്യ-പാകിസ്താൻ മത്സരം നടന്ന കഴിഞ്ഞ മാസം 23ന്ശേഷം സെന്‍റര്‍ വിക്കറ്റില്‍ മത്സരങ്ങളൊന്നും നടത്തിയിരുന്നില്ല. ഇന്ത്യ ഇവിടെ കളിച്ച മറ്റ് മൂന്ന് മത്സരങ്ങളിൽ മറ്റ് വിക്കറ്റുകളിലായിരുന്നു ഇന്ത്യ കളിച്ചിരുന്നത്.
അതേ സമയം നാളെ ദുബായിൽ മഴ പെയ്യുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്. ഗ്രൂപ്പുഘട്ടത്തിലെ മൂന്ന് മത്സരങ്ങൾ ഇതിനകം മഴമൂലം ഉപേക്ഷിച്ചിരുന്നുവെങ്കിലും അതെല്ലാം നടന്നത് പാകിസ്താനിലായിരുന്നു. ദുബായിലെ കാലാവസ്ഥ നോക്കുകയാണെങ്കിൽ മഴ പെയ്യാൻ വലിയ സാധ്യത കാണുന്നില്ല. ഒരു ശതമാനം മാത്രമാണ് മഴ പെയ്യാനുള്ള സാധ്യതയായി കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.
പകല്‍ സമയത്ത് താപനില 32 ഡിഗ്രിയും രാത്രിയില്‍ 24 ഡിഗ്രിയുമാണ് ചൂട്. ഇനി അഥവാ വൻ അത്ഭുതങ്ങൾ സംഭവിച്ച് നാളെ മഴ പെയ്ത് മത്സരം പൂർണമായി ഉപേക്ഷിക്കേണ്ടി വന്നാൽ റിസർവ് ദിനമായ തിങ്കളാഴ്ച ഫൈനൽ വീണ്ടും നടക്കും. അന്നേ ദിവസവും മഴമൂലം മത്സരം നടന്നില്ലെങ്കിൽ ഇരുടീമുകളെയും സംയുക്ത ജേതാക്കളാക്കും.
Content Highlights: india new zealand championstrophy final pitch report