
ഐസിസി ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ തകർപ്പൻ ക്യാച്ച് ശ്രമവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലാൻഡ് ഇന്നിംഗ്സിന്റെ 35-ാം ഓവറിലാണ് സംഭവം. അക്സർ പട്ടേൽ എറിഞ്ഞ പന്തിൽ മിഡ് വിക്കറ്റിന് മുകളിലൂടെ ഒരു ഷോട്ടിനായിരുന്നു ഡാരൽ മിച്ചലിന്റെ ശ്രമം. അവിടെ ഫിൽഡ് ചെയ്യുകയായിരുന്ന രോഹിത് ഉയർന്നുചാടി പന്ത് കൈപ്പിടിയിലാക്കാൻ ശ്രമിച്ചു. എന്നാൽ രോഹിത്തിന്റെ കൈയ്യിൽ തട്ടി ക്യാച്ച് നഷ്ടമാകുകയായിരുന്നു. 63 റൺസെടുത്ത് ഡാരൽ മിച്ചലിനെ 46-ാം ഓവറിൽ മുഹമ്മദ് ഷമിയാണ് പുറത്താക്കിയത്. രോഹിത് ശർമയ്ക്കാണ് ക്യാച്ച്.
തൊട്ടടുത്ത ഓവറിൽ ഗ്ലെൻ ഫിലിപ്സിനെ ഇന്ത്യൻ ഉപനായകൻ ശുഭ്മൻ ഗില്ലും കൈവിട്ടു. രവീന്ദ്ര ജഡേജ എറിഞ്ഞ പന്തിൽ ഡീപ് മിഡ് വിക്കറ്റിലേക്ക് ഉയർത്തി അടിച്ച ഫിലിപ്സിനെ ഗിൽ കൈവിടുകയായിരുന്നു. പിന്നാലെ 34 റൺസെടുത്ത ഫിലിപ്സിനെ വരുൺ ചക്രവർത്തി ക്ലീൻ ബൗൾഡാക്കി.
അതിനിടെ ഐസിസി ചാംപ്യൻസ് ട്രോഫിയുടെ ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡ് ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങുകയാണ്. 48 ഓവർ പിന്നിടുമ്പോൾ ന്യൂസിലാൻഡ് സ്കോർ ആറ് വിക്കറ്റ് നഷ്ടത്തിൽ 229 റൺസെന്ന നിലയിലാണ്. 63 റൺസെടുത്ത ഡാരൽ മിച്ചൽ ആണ് കിവീസ് ടീമിന്റെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.
Content Highlights: Daryl Mitchell dropped by Rohit at mid-wicket