CT 2025: ഫൈനലിനു മുൻപേ 5,000 കോടിയുടെ വാതുവെപ്പ്, ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയും രംഗത്ത്; റിപ്പോർട്ട്

സെമി ഫൈനൽ മത്സരങ്ങളിൽ വാതുവെപ്പ് നടത്തിയതിൽ അഞ്ച് പ്രധാന വാതുവെപ്പുകാരെ ഇതിനകം ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

dot image

ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ചാംപ്യന്‍സ് ട്രോഫി ഫൈനലിന് മുന്നോടിയായി 5,000 കോടി രൂപയുടെ വരെ വാതുവെപ്പുകള്‍ നടന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്രതലത്തില്‍ വാതുവെപ്പുകാരുടെ ഇഷ്ട ടീം ഇന്ത്യയാണെന്ന് വാതുവെപ്പ് സംഘങ്ങളെ നിരീക്ഷിക്കുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വാതുവെപ്പുകാരിൽ പലരും അധോലോകവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ക്രിക്കറ്റ് മത്സരങ്ങൾ നടക്കുമ്പോൾ ദുബായ് കേന്ദ്രീകരിച്ച് പ്രധാന വാതുവെപ്പ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി. ദാവൂദ് ഇബ്രാഹിമിന്റെ സംഘമായ ‘ഡി കമ്പനി’ വരെ വാതുവെപ്പില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെമി ഫൈനൽ മത്സരങ്ങളിൽ വാതുവെപ്പ് നടത്തിയതിൽ അഞ്ച് പ്രധാന വാതുവെപ്പുകാരെ ഇതിനകം ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ദുബായിലേക്ക് എത്തിയത്.

ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരത്തിനിടെ വാതുവെപ്പിലേര്‍പ്പെട്ടതിന് പര്‍വീണ്‍ കൊച്ചാര്‍, സഞ്ജയ് കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും ഉപയോഗിച്ച് ലൈവായി വാതുവെപ്പ് നടത്തുന്നതിനിടെയാണ് ഇവർ‌ പിടിയിലായത്. വാതുവെപ്പിന് ഉപയോഗിക്കുന്ന നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും വസ്തുക്കളും പൊലീസ് കണ്ടെടുക്കുകയും ചെയ്തു.

Content Highlights: IND vs NZ Final, Champions Trophy 2025: ₹5,000 crore bets, Dawood’s gang involved

dot image
To advertise here,contact us
dot image