
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ തന്റെ ബൗളിങ് ക്വാട്ട പൂർത്തിയാക്കിയ രവീന്ദ്ര ജഡേജയെ ആലിംഗനം ചെയ്ത് വിരാട് കോഹ്‍ലി. 10 ഓവർ എറിഞ്ഞ് 30 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത ജഡേജയാണ് ഇന്ത്യൻ നിരയിൽ ഏറ്റവും മികച്ച എക്കണോമിയിൽ പന്തെറിഞ്ഞത്. എന്നാൽ ഇത് ജഡേജയുടെ അവസാന ഏകദിന മത്സരമാണോയെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.
ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിന് ശേഷം സ്റ്റീവ് സ്മിത്തിനെയും വിരാട് കോഹ്‍ലി ആലിംഗനം ചെയ്തിരുന്നു. പിന്നാലെ അപ്രതീക്ഷിതമായി സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. സ്മിത്തിന്റെ വിരമിക്കൽ കോഹ്‍ലി അറിഞ്ഞിരുന്നതിനാലാണ് ഇത്തരം ഒരു ആലിംഗനം ഉണ്ടായതെന്നാണ് ആരാധകർ പറയുന്നത്. സമാനമാണ് ജഡേജ-കോഹ്‍ലി ആലിംഗനമെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു.
അതിനിടെ ഐസിസി ചാംപ്യൻസ് ട്രോഫിയുടെ ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് 252 റൺസിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. 63 റൺസെടുത്ത ഡാരൽ മിച്ചൽ ആണ് കിവീസ് ടീമിന്റെ ടോപ് സ്കോറർ. 40 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറും സഹിതം 53 റൺസെടുത്ത മൈക്കൽ ബ്രേസ്‍വെല്ലിന്റെ ഇന്നിംഗ്സാണ് ന്യൂസിലാൻഡ് സ്കോർ 250 കടത്തിയത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.
Content Highlights: Ravindra Jadeja Retire Speculation raises with Virat Kohli moment