'ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിക്കാം, ഒരു കാര്യം 'മറന്നാല്‍' മതി!'; കിവീസിന് നിര്‍ദേശവുമായി ഷുഹൈബ് അക്തര്‍

'കപ്പ് നേടണമെന്ന അതിയായ ആഗ്രഹവും പോരാട്ടവീര്യവും നായകനെന്ന നിലയില്‍ സാന്റ്‌നറിലുണ്ട്'

dot image

ഐസിസി ചംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ- ന്യൂസിലാന്‍ഡ് ഫൈനല്‍ പോരാട്ടം ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രമാണുള്ളത്. ടൂര്‍ണമെന്റിന്റെ ഫേവറേറ്റുകളായ ഇന്ത്യ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് കലാശപ്പോരിനെത്തുന്നത്. അതുകൊണ്ടുതന്നെ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തന്നെയാണ് മുന്‍തൂക്കമുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ എല്ലാവരും ഇന്ത്യയുടെ വിജയസാധ്യതകളെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ന്യൂസിലാന്‍ഡിന് ഇന്ത്യയെ തോല്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരമായ ഷുഹൈബ് അക്തര്‍. ഇന്ത്യ തങ്ങളേക്കാള്‍ വലിയ ടീമാണെന്ന തോന്നല്‍ ഒരിക്കലും ഉണ്ടാവാതിരുന്നാല്‍ മതിയെന്നാണ് അക്തര്‍ നിര്‍ദേശിച്ചത്. ഇന്ത്യയ്‌ക്കെതിരേ മാനസികമായ ആധിപത്യം ഉണ്ടായിരിക്കണമെന്നും അക്തര്‍ കിവീസിനോടായി പറഞ്ഞു.

'ഇന്ത്യ വലിയ ടീമാണ്, അവരെ തോല്‍പ്പിക്കാനാവില്ല, നിങ്ങള്‍ രണ്ടാം നിരക്കാരാണ് എന്നെല്ലാമുള്ള തോന്നലുണ്ടെങ്കില്‍ അത് മറക്കുക. നിങ്ങള്‍ ശക്തരാണെന്ന തോന്നലാണ് ഉണ്ടാവേണ്ടത്. മിച്ചല്‍ സാന്റ്‌നര്‍ക്ക് ആ വിശ്വാസമുണ്ടാകും. ക്യാപ്റ്റനെന്ന നിലയില്‍ സാന്റ്നറില്‍ ഞാന്‍ ആ മികവ് കണ്ടിട്ടുണ്ട്. കപ്പ് നേടണമെന്ന അതിയായ ആഗ്രഹവും പോരാട്ടവീര്യവും നായകനെന്ന നിലയില്‍ സാന്റ്‌നറിലുണ്ട്', അക്തര്‍ ചൂണ്ടിക്കാട്ടി.

'ഇന്ത്യയ്‌ക്കെതിരേ ശരിയായ സമയത്ത് ശരിയായ നീക്കം നടത്തുകയെന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുടക്കം മുതല്‍ ആക്രമിക്കുമെന്നുറപ്പാണ്. സ്പിന്നര്‍മാരെ നിര്‍വീര്യമാക്കാനും സാന്റ്‌നറെ ആക്രമിക്കാനും അദ്ദേഹം ശ്രമിക്കും. എന്നാല്‍ രോഹിത്തിനെ തുടക്കത്തിലേ സ്പിന്നര്‍മാരെ ഉപയോഗിച്ച് തളക്കണം. മിച്ചല്‍ സാന്റ്‌നര്‍ക്ക് അതിന് സാധിക്കും. മത്സരത്തിലെ വിജയ സാധ്യത നോക്കിയാല്‍ 70% ഇന്ത്യക്കാണെന്ന് പറയാതിരിക്കാനാവില്ല', അക്തര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ താരങ്ങളുടെ മികവ് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുന്നതിലാണ്. മികച്ച ടോട്ടലിലേക്കെത്താനും മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമിയില്‍ ഇന്ത്യയുടെ സ്പിന്നര്‍മാരെ സ്റ്റീവ് സ്മിത്ത് നേരിട്ടത് മികച്ച ഉദാഹരണമാണ്', അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Shoaib Akhtar Reveals What New Zealand Must Do To Beat India In Champions Trophy Final

dot image
To advertise here,contact us
dot image