ചാംപ്യൻസ് ട്രോഫിയിലെ രണ്ടാമത്തെ റൺവേട്ടക്കാരൻ ശ്രേയസ് അയ്യർ; 20 റൺസ് മുന്നിൽ ഒന്നാമൻ

ടൂർണമെന്റിൽ അഞ്ച് മത്സരങ്ങൾ കളിച്ച ശ്രേയസ് 243 റൺസെടുത്തു

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് 2025ൽ ഏറ്റവും കൂടുതൽ റൺസെടുത്ത രണ്ടാമത്തെ താരമായി ഇന്ത്യയുടെ ശ്രേയസ് അയ്യർ. ടൂർണമെന്റിൽ അഞ്ച് മത്സരങ്ങൾ കളിച്ച ശ്രേയസ് 243 റൺസെടുത്തു. 79 റൺസാണ് ഉയർന്ന സ്കോർ. രണ്ട് അർധ സെഞ്ച്വറികൾ ഉൾപ്പെടെയാണ് ശ്രേയസിന്റെ നേട്ടം. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ശ്രേയസ് 48 റൺസ് നേടി. ടൂർണമെന്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതും ശ്രേയസ് അയ്യരാണ്.

ചാംപ്യൻസ് ട്രോഫി 2025ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ന്യൂസിലാൻഡിന്റെ രചിൻ രവീന്ദ്രയാണ്. നാല് മത്സരങ്ങൾ കളിച്ച രചിൻ 263 റൺസെടുത്തു. 112 റൺസാണ് ഉയർന്ന സ്കോർ. ടൂർണമെന്റിൽ രണ്ട് സെഞ്ച്വറികൾ താരം നേടിയിരുന്നു. ഇന്ത്യയ്ക്കെതിരായ ഫൈനലിൽ രചിൻ 37 റൺസും സംഭാവന ചെയ്തു.

അതിനിടെ ചാംപ്യൻസ് ട്രോഫി ഫൈനലിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. 44 ഓവർ പിന്നിടുമ്പോൾ ഇന്ത്യൻ സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന നിലയിലാണ്. 76 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോററായത്. ശ്രേയസ് അയ്യർ 48 റൺസെടുത്തു. വിരാട് കോഹ്‍ലിക്ക് ഒരു റൺസ് മാത്രമാണ് നേടാനായത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്ക​റ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. 63 റൺസെടുത്ത ഡാരൽ മിച്ചൽ ആണ് കിവീസ് ടീമിന്റെ ടോപ് സ്കോറർ. 40 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറും സഹിതം 53 റൺസെടുത്ത മൈക്കൽ ബ്രേസ്‍വെല്ലിന്റെ ഇന്നിം​ഗ്സാണ് ന്യൂസിലാൻഡ് സ്കോർ 250 കടത്തിയത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ്, വരുൺ ചക്രവർ‌ത്തി എന്നിവർ രണ്ട് വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.

Content Highlights: Shreyas Iyer became the second leading run scorer in CT2025

dot image
To advertise here,contact us
dot image